അബുദാബി: അബുദാബിയിലെ സ്‌കൂളുകളിലും കാന്റീനുകളിലും ജങ്ക് ഫുഡ് നിരോധിച്ചു. വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തുന്നതിനായി കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തി.

വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളുകള്‍ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കണം. ഭക്ഷ്യ സേവനരംഗത്തുള്ളവര്‍ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുശാസിക്കുന്ന ലൈസന്‍സുകള്‍ നേടുകയും നിര്‍ദേശങ്ങള്‍ പരിപാലിക്കുകയും വേണം.

സ്‌കൂളുകള്‍ ലഘുഭക്ഷണ/ഭക്ഷണ സമയങ്ങളില്‍ വിദ്യാര്‍ഥികളെ സജീവമായി നിരീക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് 2024/25 അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ നയം ആവശ്യപ്പെടുന്നു.

പുതിയ നയപ്രകാരം അധികൃതര്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍:

വിദ്യാര്‍ഥികള്‍ സ്വീകാര്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, മറ്റ് വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്ന അലര്‍ജിയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കുക

എല്ലാ വിദ്യാര്‍ഥികള്‍ക്കും എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക (ഉപവാസമില്ലെങ്കില്‍)

ഭക്ഷണവുമായി ബന്ധപ്പെട്ട പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കുക, ഭക്ഷണത്തിന്റെ പേരിലുള്ള ഉപദ്രവങ്ങളും ഭീഷണിപ്പെടുത്തലുകളും തടയുക

മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പന്നിയിറച്ചി, അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ പോലുള്ള ഭക്ഷ്യവസ്തുക്കള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

അലര്‍ജിയുണ്ടാക്കുന്ന സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വ്യക്തിഗത ഉപഭോഗത്തിനോ സ്‌കൂള്‍ പരിസരത്ത് വിതരണം ചെയ്യുന്നതിനോ അനുവാദം നല്‍കുന്നില്ലെന്ന് സ്‌കൂള്‍ ഉറപ്പാക്കണം

ഭക്ഷണ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ രക്ഷിതാക്കളുമായി പങ്കിടണം

ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ വറവ് സാധനങ്ങള്‍ പോലെയുള്ള 'അനാരോഗ്യകരമായ' ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന കാര്യം ഉള്‍പ്പെടുത്തണം.പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ കാരണമാകും.

കാമ്പസിലെ ഭക്ഷണ സേവനങ്ങള്‍

കാമ്പസിനുള്ളില്‍ ഭക്ഷണ സേവനങ്ങള്‍ നല്‍കുമ്പോള്‍ സ്‌കൂളുകള്‍ സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററും (ADPHC) മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന പരിശീലനത്തില്‍ അധ്യാപകരും കാന്റീന് ജീവനക്കാരും പങ്കെടുക്കണം.

സ്‌കൂള്‍ സമയങ്ങളില്‍ പുറമെ നിന്നുള്ള ഭക്ഷണ വിതരണ സേവനങ്ങള്‍ നിരോധിക്കേണ്ടതാണ്.

പ്രത്യേക പരിഗണനകള്‍

സ്‌കൂളുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ മതപരവും സാംസ്‌കാരികവും ധാര്‍മികവുമായ ആവശ്യങ്ങളെ മാനിക്കുകയും ഭക്ഷണ സേവനങ്ങള്‍, ഭക്ഷണ ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അവരെ ഉള്‍പ്പെടുത്തുകയും വേണം.

അബുദാബി ഫുഡ് സേഫ്റ്റി റെഗുലേഷന്‍സ് നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്, അലര്‍ജിയുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നതിന് സ്‌കൂളുകള്‍ നടപടികള്‍ കൈക്കൊള്ളണം:

വിദ്യാര്‍ഥികളുടെ ഭക്ഷണ അലര്‍ജികളുടെ രേഖകള്‍ സൂക്ഷിക്കുക, ഈ രേഖകള്‍ സ്‌കൂള്‍ കാന്റീനില്‍ ലഭ്യമാണെന്ന് ഉറപ്പാക്കുക.

സ്‌കൂള്‍ നല്‍കുന്ന ഭക്ഷണത്തില്‍ ഏതെങ്കിലും അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം ഭക്ഷണ ലേബലുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

അലര്‍ജി കണക്കിലെടുത്ത് ഭക്ഷണവും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുക.

കുട്ടിക്ക് അലര്‍ജിയുണ്ടെങ്കില്‍ ഉടന്‍ തന്നെ സ്‌കൂളില്‍ അറിയിക്കാനും ആവശ്യമായ മരുന്നുകള്‍ നല്‍കാനും രക്ഷിതാക്കളോട് ആവശ്യപ്പെടുക.

കഠിനമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുക

അലര്‍ജി നിയന്ത്രിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശരിയായി ലേബല്‍ ചെയ്ത് സൂക്ഷിക്കുക

Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply