ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് സദ്ഭരണത്തെ പുനര്‍നിര്‍വചിക്കാനുള്ള ശേഷിയുണ്ടെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭരണത്തില്‍ സുസ്ഥിരത ഉറപ്പുവരുത്താനും നയങ്ങളിലെ മരവിപ്പ് തടയാനും വിഭവങ്ങളുടെ തരംമാറ്റല്‍ ഇല്ലാതാക്കാനും സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭാരം ഒഴിവാക്കാനും ഈ ആശയത്തിനു കഴിയുമെന്നും അവര്‍. എഴുപത്താറാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിലാണു രാഷ്ട്രപതി ഒറ്റത്തെരഞ്ഞെടുപ്പിന്റെ നേട്ടങ്ങള്‍ നിരത്തിയത്.
‘പതിറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന കൊളോണിയല്‍ ചിന്താഗതിയുടെ അവശിഷ്ടങ്ങള്‍ നീക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ബ്രിട്ടിഷ് കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം മൂന്ന് പുതിയ ആധുനിക നിയമങ്ങള്‍ കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണ്. ആ ചിന്താഗതി മാറ്റാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ നടത്തുന്ന യോജിച്ചുള്ള ശ്രമങ്ങള്‍ക്കാണു രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്ക് മെച്ചപ്പെട്ട ഭരണവും കുറഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയും.’ ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം ഇന്ത്യന്‍ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ശക്തമായ ഊന്നല്‍ നല്‍കുക, ശിക്ഷയെക്കാള്‍ നീതിയുടെ വിതരണത്തിന് മുന്‍ഗണന നല്‍കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ അവതരിപ്പിച്ചത്.
സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും പട്ടിണിയിലും ദാരിദ്ര്യത്തിലുമായിരുന്നു. എന്നാല്‍, അതില്‍ നിന്നു നാം പുറത്തുകടക്കുമെന്നും വളരുമെന്നുമുള്ള ഉറച്ച ബോധ്യമുണ്ടായിരുന്നു നമുക്ക്. കര്‍ഷകരുടെയും തൊഴിലാളികളുടെയും സംഭാവനകള്‍ ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ ആഗോള സാമ്പത്തിക രംഗത്ത് നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും കൂട്ടച്ചേര്‍ത്തു. ഭരണഘടന സ്ഥാപിച്ച ചട്ടക്കൂടില്‍ വേരൂന്നിയതാണ് ഈ പരിവര്‍ത്തനം.
സമീപ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ചാ നിരക്ക് മെച്ചപ്പെട്ട നിലയിലാണ്. ഇതു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയും അനേകരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമാണു സര്‍ക്കാരിന്റെ മുന്‍ഗണന. പൗരന്മാര്‍ക്ക് ഭവനം, ശുദ്ധമായ കുടിവെള്ള അവകാശങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയാണു സര്‍ക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ, പ്രത്യേകിച്ച് പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവയില്‍ ഉള്‍പ്പെടുന്നവരെ പിന്തുണയ്ക്കുന്നതിനാണ് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നത്.
പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ദേശീയ ഫെലോഷിപ്പുകള്‍, പ്രധാന്‍ മന്ത്രി അനുശുചിത് ജാതി അഭ്യുദയ് യോജന, പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ തുടങ്ങി പദ്ധതികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആധുനിക സങ്കല്‍പ്പങ്ങള്‍ മാത്രമല്ല. ഇവയെല്ലാം എക്കാലവും നമ്മുടെ നമ്മുടെ നാഗരികതയുടെയും പൈതൃകത്തിന്റെയും അവിഭാജ്യഘടകമായിരുന്നു.’ ഭരണഘടനയുടെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.
രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 15 വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ, രാജ്യത്തുടനീളമുള്ള വൈവിധ്യമാര്‍ന്ന സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണഘടനാ അസംബ്ലിയുടെ ഉള്‍ക്കൊള്ളുന്ന സ്വഭാവം മുര്‍മു എടുത്തുപറഞ്ഞു.ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീ സമത്വം വിദൂര ലക്ഷ്യമായിരുന്നപ്പോള്‍, ഇന്ത്യന്‍ സ്ത്രീകള്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സജീവമായിരുന്നെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply