കുറ്റകൃത്യ ചരിത്രത്തിലെ ദീര്‍ഘമായൊരു അധ്യായമാണ് ബിക്കിനി കില്ലര്‍ എന്നു കുപ്രസിദ്ധനായ ചാള്‍സ് ശോഭരാജ്. ലോകത്തങ്ങോളമിങ്ങോളമുള്ള ജയിലുകളിലെല്ലാം ഇടം പിടിച്ച അന്താരാഷ്ട്ര വാറന്റുള്ള ഫ്രഞ്ച് കുറ്റവാളി. ശോഭരാജിന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകളെ കുറിച്ച് പലര്‍ക്കും അറിയാം. ചാന്റല്‍ കമ്പാഗ്‌നനും മേരി ആന്‍ഡ്രീ ലെക്ലര്‍ക്കും. പക്ഷേ ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റൊരു പ്രണയം കൂടി ചാള്‍സിനുണ്ടായിരുന്നു. നേപ്പാള്‍ സ്വദേശിയായ നിഹിത ബിശ്വാസ്.
നിഹിതയും ചാള്‍സും പരിചയപ്പെടുമ്പോള്‍ നിഹിതയ്ക്ക് 20 വയസ്സായിരുന്നു ചാള്‍സിന് 66 വയസ്സും. പിന്നീട് നിഹിതയുടെ അമ്മയും ശോഭരാജിന്റെ അഭിഭാഷകനുമെല്ലാം നേപ്പാള്‍ വിട്ടു പോന്നിട്ടും നിഹിത ഇടയ്ക്കിടെ ജയിലിലെ സന്ദര്‍ശകയായി. ഇരുവരും തമ്മിലുള്ള അടുപ്പം ശക്തമായത് പെട്ടെന്നായിരുന്നു. 2008 ഒക്‌റ്റോബര്‍ 9ന് കാഠ്മണ്ഡുവിലെ ജയിലില്‍ വച്ച് ഇരുവരും വിവാഹിതരായി. ചാള്‍സ് നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിച്ചവരില്‍ ഒരാളാണ് നിഹിതയും. അദ്ദേഹം ഇതു വരെ എങ്ങനെയായിരുന്നുവെന്ന് എനിക്കറിയില്ല. ഇപ്പോഴെങ്ങനെയാണെന്നുള്ളതാണ് പ്രധാനം. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. അദ്ദേഹം സ്വന്തം കുടുംബത്തെ പരിരക്ഷിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരു നല്ല ബന്ധമുണ്ട് എന്നാണ് നിഹിത ഈ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നത്. നിഹിതയോട് ആദ്യകാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നുവെന്നാണ് ചാള്‍സ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
2017ലാണ് ഇരുവരെയും ഒരുമിച്ച് കാണുന്നത്. അന്ന് കാഠ്മണ്ഡുവിലെ ഒരു ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുകയായിരുന്നു ചാള്‍സ്. 2020ല്‍ ബിഗ് ബോസ്സിന്റെ അഞ്ചാമത്തെ സീസണില്‍ നിഹിത മത്സരാര്‍ഥിയായിരുന്നു. പക്ഷേ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തായി. പിന്നീട് 2022 ഡിസംബര്‍ 21 ന് നേപ്പാള്‍ സുപ്രീം കോടതി ചാള്‍സിനെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടപ്പോഴാണ് വീണ്ടും നിഹിത പ്രത്യക്ഷപ്പെട്ടത്. അന്ന് വിമാനത്തില്‍ കയറ്റി ചാള്‍സിനെ നാടു കടത്തി. പിന്നീട് നിഹിതയെക്കുറിച്ച് യാതൊരു അറിവും ഇല്ല.
അമേരിക്കന്‍ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് നേപ്പാള്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ചാള്‍സ് ബംഗാളി ബിസിനസുകാരന്റെയും നേപ്പാളിലെ പേരു കേട്ട അഭിഭാഷകയുടെയും മകളായ നിഹിതയെ പരിചയപ്പെട്ടത്. നിഹിതയുടെ അമ്മ അഭിഭാഷക മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായിരുന്നു. അതു കൊണ്ട് നേപ്പാളിലെ സുപ്രീം കോടതിയില്‍ ഒന്നിലധികം തവണ ചാള്‍സിനു വേണ്ടി ഹാജരായിട്ടുണ്ട്. എന്നിട്ടും ചാള്‍സിനെ കുറ്റവിമുക്തനാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതു മാത്രമല്ല കേസില്‍ 20 വര്‍ഷത്തെ തടവ് ചാള്‍സിനെ ശിക്ഷിക്കുകയും ചെയ്തു. അക്കാലത്ത് 20 വയസുള്ള നിഹിതയും അമ്മയ്‌ക്കൊപ്പം ചാള്‍സിനെ കാണാനായി വരാറുണ്ടായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ നിപുണയായിരുന്നതിനാല്‍ നിഹിതയാണ് ചാള്‍സിനെ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വക്കീലിനും തിരിച്ചു തര്‍ജമയ്ക്ക് സഹായിച്ചിരുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply