
കോഴിക്കോട്: നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ എത്തുന്നവര്‍ക്ക് ഒരു തുള്ളി വെള്ളം കിട്ടില്ല എന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വരുന്ന നോമ്പുകാലത്ത് കോഴിക്കോട് രാമനാട്ടുകര മുതല്‍ മലപ്പുറത്തെ എടപ്പാള്‍വരെ യാത്രചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ യൂത്ത് ലീഗ് തയ്യാറെന്നും അതിലൂടെ സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസിലാക്കാമെന്നും ഫിറോസ് പറഞ്ഞു.
നോമ്പുകാലത്ത് ജില്ലയില്‍ കടകള്‍ തുറക്കാത്തത് കച്ചവടം കുറയുന്നതുകൊണ്ടാണ്. ഈ കാലയളവില്‍ കച്ചവടം കൂട്ടാന്‍ സുരേന്ദ്രന്‍ ബിജെപിക്കാരോട് മലപ്പുറത്തേക്ക് പോവാന്‍ പറയട്ടെ എന്നും ഫിറോസ് പരിഹസിച്ചു. ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ എല്ലാദിവസവും രാവിലെ എഴുന്നേറ്റ് നുണപറയുകയാണ്. സ്ഥാനം നഷ്ടപ്പെട്ടതിലെ നിരാശയാണോ ഇതിനുപിന്നില്‍ എന്ന് വ്യക്തമല്ല. അത് എന്തുതന്നെയായാലും നോമ്പുകാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
സുരേന്ദ്രന്‍ മതേതരത്വത്തെ കുറിച്ച് പറയുന്നത് ഹിറ്റ്‌ലര്‍ അഹിംസാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പോലെയാണ്. നുണകളിലൂടെ നിറഞ്ഞ് നില്‍ക്കാനാണ് സുരേന്ദ്രന്റെ ശ്രമം. ഇത്തരം പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. വിദ്വേഷ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ കേസ് എടുക്കാത്തതില്‍ അത്ഭുതം ഇല്ല. രാജ്യദ്രോഹ കുറ്റം പോലും ചുമത്തേണ്ട കൊടകര കേസില്‍ സുരേന്ദ്രനെ സാക്ഷിയാക്കിയവരാണെന്നും ഫിറോസ് പരിഹസിച്ചു.
കേരളത്തില്‍ പിന്നാക്ക സംവരണം മുസ്ലിംങ്ങള്‍ തട്ടിയെടുക്കുന്നു എന്ന ആരോപണത്തില്‍ ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. ജാതി സെന്‍സസ് നടത്തിയാല്‍ ഇതിലെ വസ്തുത വ്യക്തമാകും. ജാതി സെന്‍സസിന് എതിര് നില്‍ക്കുന്ന ബി.ജെ.പി.ക്ക് സുരേന്ദ്രന്‍ കെണി ഒരുക്കിയതാണോ എന്നും സംശയമുണ്ട്. മുസ്ലിങ്ങള്‍ക്ക് അര്‍ഹമായത് പോലും ലഭിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നും ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.