കൊച്ചി: സ്വകാര്യ യൂണിവേഴ്‌സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിന്റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുന്നു എന്ന വാര്‍ത്ത വന്നത് സാമ്പത്തിക കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റും, കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്.
ഭാവനയില്‍ സൃഷ്ടിച്ചത് എന്ന പേരില്‍, സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രതിപക്ഷ നേതാവിന്റെ ഓഫിസും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും, തെറ്റായി വ്യാഖ്യാനിച്ചും നല്‍കപ്പെട്ട പരസ്യത്തിന്റെ പേരില്‍ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആശങ്കകള്‍ ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളെ സാക്ഷികളാക്കി, പരസ്യം നല്‍കിയ യൂണിവേഴ്‌സിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്ന കേരളീയ സമൂഹത്തോട് പുലര്‍ത്തേണ്ട ഉത്തരവാദിത്വം ഈ പരസ്യത്തിലൂടെ മാധ്യമങ്ങള്‍ ഒരു പരിധിവരെ മറന്നുപോയി എന്നു മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ മേലുള്ള വിശ്വാസം വായനക്കാര്‍ക്കിടയില്‍ നിലനിര്‍ത്താന്‍, ഇത്തരം പരസ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും മാധ്യമങ്ങള്‍ മനസിലാക്കുമെന്നു വിശ്വസിക്കുന്നു. വാര്‍ത്തകളുടെ രൂപത്തില്‍ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരസ്യവും വാര്‍ത്തയും പ്രത്യേകമായി തിരിച്ചറിയാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ഇത്തരം ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ സാധിക്കും എന്നും എസ്.എസ്. മനോജും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. നസീറും പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply