ഷാങ്ഹായ് : നഷ്ടപരിഹാരമായി വന്‍തുക കയ്യില്‍ കിട്ടുമായിരുന്നിട്ടും അത് വേണ്ടെന്ന് വച്ചതിന്റെ പേരില്‍ പരിതപിക്കുകയാണ് ചൈനക്കാരനായ ഹുവാങ്ങ് പിംഗ് എന്ന എഴുപതുകാരന്‍. നഷ്ടപരിഹാരമായി ലഭിക്കുമായിരുന്ന കോടികള്‍ വേണ്ടെന്നുവച്ച് ഇപ്പോള്‍ ഹൈവേയ്ക്ക് ഒത്തനടുവിലെ കുഴിയില്‍ താമസിക്കേണ്ട ഗതികേടിലായിരിക്കുകയാണ് ഇയാള്‍.
ഷാങ്ഹായിലെ ജിങ്ക്‌സി എന്ന് നഗരത്തിലാണ് ഹുവാങ്ങിന്റെ വീട്. ഈ പ്രദേശത്തുകൂടി ഒരു ഹൈവേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വീട് ഒഴിയാന്‍ ഹുവാങ്ങ് തയ്യാറാകണമെന്നും 1.9 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നും ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിരുന്നു. ഹുവാങ്ങിന് താല്‍പര്യമില്ലെന്ന് കണ്ടതോടെ മറ്റ് പ്രോപ്പര്‍ട്ടികള്‍ വിട്ടുനല്‍കാമെന്നും ഭരണകൂടം അറിയിച്ചു. എന്നാല്‍ ഈ ഓഫറുകള്‍ ഒന്നും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒത്തുതീര്‍പ്പ് ശ്രമങ്ങളും ചര്‍ച്ചകളുമായി പലയാവര്‍ത്തി ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഹുവാങ്ങ്. ഒടുവില്‍ മറ്റുമാര്‍ഗമൊന്നുമില്ലാതെ വീട് സ്ഥിതിചെയ്യുന്ന ഭാഗത്ത് അദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടിക്ക് ഇരുവശങ്ങളിലുമായി വിഭജിച്ചു കിടക്കുന്ന രീതിയില്‍ ഭരണകൂടം ഹൈവേ നിര്‍മാണം നടത്തി. താന്‍ ജയിച്ചു എന്നാണ് ഹുവാങ്ങ് കരുതിയതെങ്കിലും റോഡ് നിര്‍മാണം പുരോഗമിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പൊടിപടലങ്ങളുമാണ് ആദ്യം പ്രധാന പ്രശ്‌നമായത്.
ഇവ രണ്ടും സഹിച്ചു വീട്ടില്‍ നില്‍ക്കാനാവാതെ വന്നതോടെ പകല്‍ സമയങ്ങളില്‍ 11 വയസ്സുകാരനായ ചെറുമകനുമായി മാറിനില്‍ക്കേണ്ട അവസ്ഥയിലായി ഹുവാങ്ങ്. ഹൈവേ ജോലിക്കാര്‍ പോയതിനുശേഷം മാത്രമേ അദ്ദേഹത്തിന് മടങ്ങിയെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ഹൈവേയുടെ ഒത്ത നടുവില്‍ ഒരു കുഴിയില്‍ സ്ഥിതി ചെയ്യുന്ന അവസ്ഥയിലാണ് നിലവില്‍ ഹുവാങ്ങിന്റെ വീട്. സമീപത്തുള്ള പാലത്തിനടിയില്‍ കൂടി പൈപ്പ് ആകൃതിയിലുള്ള ഇടുങ്ങിയ വഴിയാണ് വീട്ടിലേക്ക് കയറാനുള്ളത്.
ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. റോഡ് സഞ്ചാരയോഗ്യമായി കഴിഞ്ഞാല്‍ നാല് ചുറ്റിലൂടെയും നിരന്തരം വാഹനങ്ങള്‍ പോകുന്നതിന്റെ ശബ്ദവും പുകയും രാത്രിയും പകലും സഹിച്ച് ഹുവാങ്ങിനും കുടുംബത്തിനും കഴിയേണ്ടി വരും. ഇത് നിലവില്‍ അദ്ദേഹത്തിന് ഒരു ദുഃസ്വപ്നമായി തുടരുകയാണ്. തീരുമാനം തികഞ്ഞ വിഡ്ഢിത്തമായി എന്ന തിരിച്ചറിവ് ഇതിനോടകം ഹുവാങ്ങിന് വന്നിട്ടുമുണ്ട്. റോഡ് നിര്‍മാണം ഇത്രയുമായ സ്ഥിതിക്ക് ഇനി വീട് വിട്ടുനല്‍കാമെന്ന് അദ്ദേഹം കരുതിയിട്ട് കാര്യമില്ല. സ്ഥലം വില്‍ക്കാമെന്നു വച്ചാലും തിരക്കുകള്‍ക്ക് നടുവില്‍ ഇങ്ങനെയൊരു വീട് വാങ്ങാന്‍ ആളുകള്‍ എത്തില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.
എന്തായാലും ഹൈവേ സ്ഥിതിചെയ്യുന്ന വീട് ഇതിനോടകം ചൈനയില്‍ വൈറലായി കഴിഞ്ഞു. ഈ വീട് കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വേണ്ടി മാത്രം ധാരാളമാളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply