ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ വിവാഹം തീരുമാനിക്കുക. ആ വിവാഹത്തിന് തൊട്ടുമുമ്പ് പങ്കാളിയാകാന്‍ പോകുന്നയാള്‍ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ദീര്‍ഘകാലമായി പരിചയമുള്ള, പ്രണയത്തിലുള്ള ആളുടെ ഏതാണ്ടെല്ലാ വിവരങ്ങളും പങ്കാളിക്കും അറിയാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വിവാഹത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തല്‍ ഏതൊരാളുടെയും മനസ് തകര്‍ക്കാന്‍ പോകുന്ന ഒന്നാണ്.
വിവാഹത്തിന് തൊട്ടുമുമ്പ് വരന്റെ പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞ വധു തകര്‍ന്ന് പോയെന്ന് റിപ്പോര്‍ട്ട് ചെയ്തത് ദി മിറാറാണ്. ദീര്‍ഘകാല പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നിശ്ചയിച്ച ദിവസത്തിന് തൊട്ട് മുമ്പ്, വരന്‍ സമൂഹ മാധ്യമത്തിലൂടെ നടത്തിയ ഒരു വെളിപ്പെടുത്തല്‍, വിവാഹത്തിന് മുമ്പ് തന്നെ ആ ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം തീരുമാനിച്ചപ്പോള്‍ വധു ഇരുവരുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ഏറ്റെടുത്തു. ഈ സമയം വരന്‍ വിവാഹ വേദി ഒരുക്കുന്നതിനായി ഒരു വിവാഹ പ്ലാനറുടെ സഹായം തേടി. ഒടുവില്‍ വിവാഹ ദിവസത്തിന് തൊട്ട് മുമ്പ് വരന്‍ താന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും പ്രശ്‌നപരിഹാരത്തിനായി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം തേടുകയുമായിരുന്നു.
വരന്റെ സമൂഹ മാധ്യമ കുറിപ്പ് വായിച്ച് വിവരം അറിഞ്ഞ വധു ഞെട്ടി. ഇത്രയും കാലം പ്രണയിച്ചിരുന്നയാളുടെ പുതിയ പങ്കാളിയെ കുറിച്ച് അറിഞ്ഞപ്പോള്‍ വധു ആകെ തകര്‍ന്ന് പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ വധു വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വധുവിന്റെ ധാരണകളെയെല്ലാം കാറ്റില്‍പ്പറത്തി വരന്‍ പ്രണയത്തിലായത് വിവാഹ പ്ലാനറുമായിട്ടായിരുന്നു. വരന്റെ സ്വവര്‍ഗ്ഗ പ്രണയം വധുവിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ ശേഷവും താന്‍ പുതിയ പ്രണയം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം എന്താണെന്നും ചോദിച്ചു കൊണ്ടാണ് വരന്‍ തന്റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ വെളിപ്പെടുത്തല്‍ നടത്തിയെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply