വിമാന യാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോകുന്നത് ഇന്നൊരു വാര്‍ത്തയല്ലാത്ത വിധത്തില്‍ സാധാരണമായിരിക്കുന്നു. ഇത്തരം നിരവധി വാര്‍ത്തകൾ നമ്മുക്കുമുന്നിലൂടെ ഇതിന് മുമ്പ് പല തവണ പോയിട്ടുണ്ടെന്നത്ത് തന്നെ കാരണം. എന്നാല്‍, ഒരു കപ്പിത്താന്‍ ഉറങ്ങിയ വാര്‍ത്ത ലോകത്തെ മുഴുവനും ഞെട്ടിച്ചു. കാരണം, കപ്പിത്താന്‍ ഉറങ്ങിപ്പോയപ്പോൾ, കപ്പല്‍ ചെന്ന് കയറിയത് ഒരു വീട്ട് മുറ്റത്ത്. കപ്പലെന്ന് പറഞ്ഞാല്‍ പടു കൂറ്റനൊരു ചരക്ക് കപ്പല്‍. ഉറക്കത്തില്‍ ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ തന്‍റെ വീട്ട് മുറ്റത്ത് ഒരു പടുകൂറ്റന്‍ ചരക്ക് കപ്പല്‍!

135 മീറ്റർ നീളമുള്ള എന്‍സിഎല്‍ സാൾട്ടന്‍ എന്ന ചരക്ക് കപ്പല്‍, നോർവേ തീരത്ത് മരത്തില്‍ തീർത്ത ജോഹാന്‍ ഹെല്‍ബാര്‍ഗിന്‍റെ വീടിന് മീറ്ററുകൾ മാറിയാണ് ഇടിച്ച് നിന്നത്.  ഒരാഴ്ച നീണ്ട പരിശ്രമത്തിന് ശേഷം ഇന്നലെയോടെ കപ്പല്‍ വീണ്ടെടുത്ത് തിരികെ കൊണ്ട് പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അപകടം നടക്കുമ്പോൾ എന്‍സിഎല്‍ സാൾട്ടന്‍റെ സെക്കന്‍റ് ഓഫീസറും വാച്ച് കീപ്പറുമായിരുന്ന 30 -കാരനായ യുക്രൈനിയന്‍ യുവാവിനെ അന്വേഷണത്തിന്‍റെ ഭാഗമായി നോർവീജിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ‘ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതായി’ അദ്ദേഹം അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. 

‘ഹലോ പറ‍ഞ്ഞത് നന്നായി. പക്ഷേ, ഇപ്പോൾ ഗുഡ്ബൈ പറയേണ്ട സമയാണ്.’ ജോഹാന്‍ ഹെല്‍ബാര്‍ഗ് ആദ്യത്തെ അമ്പരപ്പ് മാറി, ചരക്ക് കപ്പല്‍ വീട്ട് മുറ്റത്ത് നിന്നും കെട്ടി വലിച്ച് കൊണ്ട് പോകവെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാവിലെ അഞ്ച് മണിയോടെ വലിയൊരു ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ ജോഹാന്‍ ഹെല്‍ബാര്‍ഗിന്‍റെ വീടിന് നേരെ പാഞ്ഞടുക്കുന്ന ചരക്ക് കപ്പലാണ് കണ്ടതെന്ന് അയൽവാസിയായ ജോസ്‌റ്റെയിന് ജോർജൻസൻ പറഞ്ഞു. കപ്പലിലെ ഷിഫ്റ്റ് സമ്പദ്രായവും വാച്ച് കീപ്പറുടെ ജോലി ക്രമവും അന്വേഷണ പരിധിയില്‍‌ വരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ. കേരള തീരത്ത് മുങ്ങിയ ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പല്‍ സൃഷ്ടിച്ച ആശങ്കകൾക്കിടെയൊണ് നോർവേ തീരത്ത് നിന്നും ഇത്തരമൊരു അസാധാരണമായ വാർത്തയും പുറത്ത് വരുന്നത്. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply