
പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങൾ ‘മയക്ക’ത്തിലെന്ന് റിപ്പോര്‍ട്ട്. ജനങ്ങളെ മയക്കിയതാകട്ടെ സാക്ഷാല്‍ കഞ്ചാവ്, അതും പോലീസുകാര്‍ കത്തിച്ചത്. സംഗതി എന്താണന്നല്ലേ ? ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന് വേട്ടയ്ക്ക് ഇറങ്ങിയ പോലീസ് കണ്ടെത്തിയത് 20 ടണ്‍ കഞ്ചാവ്. ഇത്രയും കഞ്ചാവ് എന്ത് ചെയ്യണമെന്ന ചോദ്യം ഒടുവിലെത്തിച്ചത് ‘കത്തിച്ച് കളയുക’ എന്ന ഉത്തരത്തിലും.
2023–2024 കാലയളവിൽ നഗരത്തില്‍ നിന്നും പിടിച്ചെടുത്തതാണ് ഏകദേശം 20,000 കിലോഗ്രാമോളം വരുന്ന കഞ്ചാവ്. ഇത്രയേറെ കഞ്ചാവ് സൂക്ഷിക്കുന്നതിനേക്കാൾ അത് നശിപ്പിച്ച് കളയാനായിരുന്നു പോലീസിന്‍റെ നീക്കം. എന്നാല്‍, അതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. പിന്നീട് സംഭവിച്ചത് കത്തിച്ച കഞ്ചാവിന്‍റെ പുക. മൂടല്‍മഞ്ഞായി നഗരത്തെ പൊതിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
കഞ്ചാവ് കത്തിക്കാന്‍ പോലീസ് തെരഞ്ഞെടുത്ത സ്ഥലവും പ്രശ്നമായിരുന്നു. നഗരാതിര്‍ത്തിയോ നഗരാതിര്‍ത്തിക്ക് പുറത്തോ അല്ല. നഗരത്തിന്‍റെ ഏതാണ്ട് നടുവിലിട്ടാണ് പോലീസ് ഇത്രയേറെ കഞ്ചാവ് കത്തിച്ചത്. ഇതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ കഞ്ചാവ് പുകയില്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏതാണ്ട് അഞ്ച് ദിവസത്തോളം നഗരത്തില്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട നഗരത്തിൽ വച്ച് കത്തിച്ചതാണ് ഇത്രയും പ്രശ്നമാകാന്‍ കാരണമെന്നും ചില റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ലൈസില്‍ നിന്ന് ഓരോ വര്‍ഷവും ടണ്‍ കണക്കിന് കഞ്ചാവ് പോലീസ് പിടികൂടുന്നത്.
ലൈസ് നഗരത്തിലെ ആകെ ജനസംഖ്യ 25,000 -മാണ്. നഗരത്തിൽ പുക നിറഞ്ഞതോടെ വാതിലുകളും ജനലുകളുമടച്ച് ജനം വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. എന്നാല്‍ ഇത്രയും ദിവസം പുക നിറഞ്ഞതോടെ നിരവധി പേര്‍ക്ക് തലകറക്കം, ഓക്കാനം, പൊങ്ങിക്കിടക്കുന്നതായി തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. അസ്ഥസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തിച്ച് കളഞ്ഞ കഞ്ചാവിന് ഏകദേശം 10 ബില്യൺ ടർക്കിഷ് ലിറ (ഏകദേശം 2,215 കോടി രൂപ) വിലവരും. വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ തമാശയാണ് നിറച്ചത്. പോലീസ് ഉത്തരവ് കൊണ്ട് ‘ഉന്മത്തരായ ആദ്യത്തെ നഗരം’ എന്ന പദവി ലൈസിന് നല്‍കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.