
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതിയായ പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അമെരിക്കന്‍ സുപ്രീംകോടതിയുടേതാണ് ഉത്തരവ്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ കീഴ്ക്കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായതിനെ തുടര്‍ന്ന് റാണ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തള്ളുകയായിരുന്നു.
ഇതോടെ ഇന്ത്യയിലെ വിചാരണയ്ക്കായി റാണയെ കൈമാറും. ഏറെക്കാലമായി തഹാവൂര്‍ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. 64 കാരനായ ഇയാള്‍ നിലവില്‍ ലോസ് ആഞ്ചലസിലെ മെട്രൊപൊളിറ്റന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. റാണയെ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണ കേസില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഈ കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു. ഇതേ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.