
ലോകത്തിലെ ഏറ്റവും വലിയ കുടുംബം വസിക്കുന്ന വിശാലമായ, നൂറുമുറികളുള്ള ഒരു മാളികയുണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍. ഈ വലിയ കുടുംബത്തിന്റെ ഗൃഹനാഥന്‍ 39 തവണ വിവാഹം കഴിക്കുകയും 94 കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത സിയോണ ചാന എന്ന മനുഷ്യനായിരുന്നു.
യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വലുപ്പത്തേക്കാള്‍ ആളുകളെ ആശ്ചര്യപ്പെടുത്തിയത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള യോജിപ്പായിരുന്നു. കാരണം 39 ഭാര്യമാരും അവരുടെ മക്കളും താമസിച്ചിരുന്നത് അദ്ദേഹത്തോടൊപ്പം ഒരു വീട്ടിലായിരുന്നു. പരസ്പരം സഹോദരിമാരെ പോലെയാണത്രെ ഇദ്ദേഹത്തിന്റെ 39 ഭാര്യമാരും പെരുമാറിയിരുന്നത്.
2021-ല്‍ ആണ് സിയോണ ചാന മരണമടഞ്ഞത്. ഒരു ദാമ്പത്യം തന്നെ സമാധാനത്തില്‍ കൊണ്ടുപോകാന്‍ ആളുകള്‍ ബുദ്ധിമുട്ടുമ്പോഴാണ് 39 ഭാര്യമാര്‍ക്കൊപ്പം ഇദ്ദേഹം സമാധാന ജീവിതം നയിച്ചത്. ഈ അപൂര്‍വമായ കുടുംബകഥ മാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതായി മാറി. ഇവരുടെ കുടുംബത്തിന്റെ ജീവിതശൈലി നേരിട്ട് അറിയാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവരുടെ വീട്ടിലേക്ക് എത്തുമായിരുന്നുവത്രേ.
1945 -ല്‍ ജനിച്ച സിയോണ, ബഹുഭാര്യാത്വം അംഗീകരിക്കുകയും വലിയ കുടുംബങ്ങളിലൂടെ തങ്ങളുടെ മതസമൂഹം വിപുലീകരിക്കുന്നത് കടമയാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ഒരു ക്രിസ്ത്യന്‍ വിഭാഗമായ ചനാ പാവലിന്റെ തലവനായിരുന്നു സിയോണ. 17 -ാമത്തെ വയസിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. പിന്നീട് ഓരോരോ വര്‍ഷങ്ങളിലായി കൂടുതല്‍ കൂടുതല്‍ വിവാഹങ്ങള്‍ അദ്ദേഹം കഴിച്ചു. ഓരോ തവണയും വിവാഹിതരായി വീട്ടിലേക്ക് എത്തിയ യുവതികള്‍ പരസ്പര സഹകരണത്തോടെ ജീവിച്ചു എന്നതാണ് അതിശയകരമായ കാര്യം.
‘ന്യൂ ജനറേഷന്‍ ഹൗസ്’ എന്ന് അര്‍ത്ഥം വരുന്ന ചുവാന്‍ തര്‍ റണ്‍ എന്ന പേരിലുള്ള നാലു നിലകളിലായി നിര്‍മ്മിച്ചിരുന്ന വലിയ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്. 100 മുറികളുള്ള ഈ വീട് വിശാലമായ കുടുംബത്തെ സുഖമായി പാര്‍പ്പിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തതാണ്.
ഓരോ ഭാര്യക്കും അവരുടേതായ സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നു, എന്നാല്‍ അവര്‍ പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കുട്ടികളെ വളര്‍ത്തുന്നതിനും പൊതുവായ ഇടങ്ങള്‍ പങ്കിട്ടു. സിയോണയുടെ കുട്ടികളുടെ എണ്ണത്തിന്റെ കണക്കുകള്‍ വ്യത്യസ്തമാണ്, ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ കണക്ക് 89 ഉം മറ്റുള്ളവ 94 ഉം ആണ്. കൂടാതെ, കുടുംബത്തില്‍ 36 പേരക്കുട്ടികളും ഉള്‍പ്പെടുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.