
കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതികളായ 5 വിദ്യാര്‍ഥികള്‍ ഇന്നു പൊലീസ് സംരക്ഷണത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം. വെള്ളിമാടുകുന്നില്‍ ജുവനൈല്‍ ഹോമിനു മുന്നിലാണു വിവിധ സംഘടനകള്‍ പ്രതിഷേധിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
ജുവനൈല്‍ ഹോമിനു മുന്നില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കി. സംഘര്‍ഷസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, പ്രതികളുടെ പരീക്ഷാകേന്ദ്രം വെള്ളിമാടുകുന്നിലെ സ്കൂളിലേക്കു മാറ്റിയിരുന്നു. റൂറല്‍ എസ്പി കെ.ഇ.ബൈജുവാണു സംഘര്‍ഷസാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയത്. ഇവരെ പരീക്ഷ എഴുതിക്കുന്നതില്‍ എതിര്‍പ്പുമായി വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന് സെന്ററിലെ യാത്രയയപ്പിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷന് സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് മര്‍ദനമേറ്റത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്‍പാകെ ഹാജരാക്കിയ അഞ്ചുവിദ്യാര്‍ഥികളെയും വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡ്ചെയ്തു. മുഴുവന്‍പേരുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി അവര്‍ക്ക് സ്കൂളില്‍വെച്ച് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം തിരികേ ഒബ്സര്‍വേഷന്‍ ഹോമില്‍ ഹാജരാവണം.