
മധുര: സെക്രട്ടേറിയറ്റ് നടയിലെ ആശാവര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തോട് ഇങ്ങനെയാണോ ഇടതുസര്‍ക്കാര്‍ പ്രതികരിക്കേണ്ടതെന്ന് ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധികള്‍ ചോദിച്ചു. കരടു രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് കേരള സര്‍ക്കാറിനുള്ള കുറ്റപ്പെടുത്തല്‍.
രണ്ടു മാസമായിട്ടും സമരം തീര്‍ക്കാന്‍ സര്‍ക്കാറിനായിട്ടില്ല. സ്ത്രീകള്‍ മുടി മുറിച്ചു പ്രതിഷേധിച്ചു. മുറിച്ച മുടികള്‍ കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ ഒരു മന്ത്രി വെല്ലുവിളിച്ചു. ഒരു പൊതുപ്രക്ഷോഭത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ആന്ധ്രയില്‍ നിന്നുള്ള ഡി. രാംദേവി ചോദിച്ചു. കേരള ബദല്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പഴയ പെന്ഷന് പദ്ധതി നടപ്പാക്കാത്തതിനേയും ആന്ധ്രാപ്രതിനിധികള്‍ വിമര്‍ശിച്ചു.
സിഐടിയു നേതൃത്വം ഉള്‍പ്പെടെ ആശാസമരത്തെ തള്ളിപ്പറയുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളം നേരിടുന്ന വിമര്‍ശനം. ആശ വര്‍ക്കര്‍മാര്‍ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ആശമാര്‍ക്കുവേണ്ടി ശബ്ദിച്ചത് ഇടതുപക്ഷമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വൃന്ദാ കാരാട്ട്. ‘ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ചാല്‍ അവര്‍ നേരിടുന്ന പ്രശ്നത്തിനു പരിഹാരമാവും. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് അവകാശപ്പെടാം. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി യുപിഎ സര്‍ക്കാര്‍ ആശമാരെ സന്നദ്ധ സേവകരായി മാത്രം പരിഗണിക്കുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഞാനടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍, യുപിഎ സര്‍ക്കാറും പിന്നീടു വന്ന ബിജെപി സര്‍ക്കാറും ആശമാരെ തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറായില്ല.
അതിനായി രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. തൊഴിലാളികളായി അംഗീകരിക്കാന്‍ മടിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികള്‍ തന്നെയാണ് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതെന്ന് ആശമാര്‍ തിരിച്ചറിയണം.’- വൃന്ദ പത്രസമ്മേളനത്തില്‍ പറഞ്ഞു.