
കോട്ടയം: കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ആറ് ജൂനിയർ വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ ഫ്രെബ്രുവരി 11-നാണ് പ്രതികൾ അറസ്റ്റിലായത്.
വിദ്യാർഥികളാണെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പഠിച്ച് പുറത്തിറങ്ങി സമൂഹത്തിന് സേവനംചെയ്യേണ്ട ആളുകളാണ്. ആ സമത്തുണ്ടായ ഒറ്റബുദ്ധിയിൽ തോന്നിയ കാര്യങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. അതിന് മുമ്പ് ഇത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
കേരളം കണ്ട ക്രൂരമായ റാഗിങ്ങിനായിരുന്നു കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജിൽ അരങ്ങേറിയത്. ജൂനിയർ വിദ്യാർഥികളെ നഗ്നരാക്കിയശേഷം സ്വകാര്യഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ വെക്കുക, മുഖത്തും തലയിലും ക്രീം തേച്ച് കോംപസ് കൊണ്ട് ശരീരത്തിൽ മുറിവുണ്ടാക്കുക, മുറിവിൽ ലോഷൻ തേക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളാണ് റാഗിങ്ങിന്റെ പേരിൽ കോളേജിൽ അരങ്ങേറിയത്. ഇതിന്റെ വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യാർഥികൾക്ക് ഒരുതരത്തിലും ജാമ്യം നൽകരുതെന്നാണ് റാഗിങ്ങിനിരയായ വിദ്യാർഥിയുടെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്