
അലിഗഢ്: മകളുടെ പ്രതിശ്രുതവരനോടൊപ്പം ഒളിച്ചോടിയ യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. സപ്ന എന്ന യുവതിയാണ് മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയത്. വിവാഹത്തിന് പത്ത് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടുന്നത്. എന്തുസംഭവിച്ചാലും രാഹുലിനൊപ്പം താന്‍ ജീവിക്കുമെന്നും വിവാഹം കഴിക്കുമെന്നും സപ്ന പോലീസിനോട് പറഞ്ഞു.
ഒളിച്ചോട്ടത്തിന് ശേഷം തിരിച്ചെത്തിയ ഇരുവരും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി തന്റെ ഒളിച്ചോട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് തന്നെ മര്‍ദിക്കാറുണ്ടെന്നും മകള്‍ തന്നോട് വഴക്കിടാറുണ്ടെന്നും അതിനാലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് അവര്‍ പറയുന്നത്. സപ്ന ദിവസവും മണിക്കൂറുകളോളം രാഹുലുമായി സംസാരിക്കാറുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ജിതേന്ദ്ര കുമാര്‍ പറയുന്നു.
അതേസമയം ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളുമായാണ് യുവതി ഒളിച്ചോടിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടില്‍ നിന്ന് മൂന്നര ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങളും കൊണ്ടാണ് കടന്നുകളഞ്ഞതെന്നാണ് യുവതിയുടെ മകള്‍ ശിവാനി ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച യുവതി, ഒരു മൊബൈല്‍ ഫോണും 200 രൂപയും മാത്രമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്ന് പ്രതികരിച്ചു. ഏപ്രില്‍ ആറിനാണ് ഇരുവരും ഒളിച്ചോടുന്നത്.
എന്നാല്‍ സംഭവത്തില്‍ രാഹുല്‍ കുമാര്‍ എന്ന യുവാവിന്റെ പ്രതികരണം മറ്റൊരുതരത്തിലാണ്. ഒളിച്ചോടിയില്ലെങ്കില്‍ സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് രാഹുലിന്റെ പക്ഷം. ഈ ഭീഷണിക്ക് വഴങ്ങിയാണ് യുവതിക്കൊപ്പം ഒളിച്ചോടിയതെന്നും പോലീസ് തങ്ങളെ തേടിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞതിന് പിന്നാലെ തിരിച്ചുവരാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.