
തുടരും എന്ന ചിത്രത്തിൽ ജോർജ് സാർ എന്ന അതിക്രൂരനായ പോലീസ് ഓഫീസറെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് പ്രകാശ് വർമ. ചിത്രം വൻവിജയം നേടി മുന്നേറവേ നടി ശോഭനയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രകാശ് വർമ. താൻ എന്നും ഒരു ആരാധകനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ഒരു രംഗത്തിന്റെ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം ചെറുകുറിപ്പ് പങ്കുവെച്ചത്. നേരത്തേ മോഹൻലാലിനെക്കുറിച്ചും ജേക്സ് ബിജോയിയെക്കുറിച്ചും ബിനു പപ്പുവിനെക്കുറിച്ചും പ്രകാശ് വർമ സമാനമായ രീതിയിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു.
പ്രകാശ് വർമയുടെ കുറിപ്പ്
“ഓരോ തവണയും ഒരു സ്ത്രീ തനിക്കുവേണ്ടി നിൽക്കുമ്പോഴും, അവൾ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് നിലകൊള്ളുന്നത്.” – മായ ആഞ്ചലോ (എഴുത്തുകാരി)
ശോഭന മാം. ഞാൻ എന്തു പറയാനാണ്? ഒരു തലമുറ മുൻപുള്ള ഓരോ മലയാളിയുടെയും കുട്ടിക്കാലത്തെ ആരാധനയായിരുന്നു നിങ്ങൾ. ഞങ്ങൾ നിങ്ങളെ കണ്ടാണ് വളർന്നത്. പ്രസരിപ്പുള്ള, ലാവണ്യമുള്ള, സുന്ദരിയായ, വിസ്മയിപ്പിക്കുന്ന, ധീരയായ ഒരാളാണ് നിങ്ങൾ.
നമ്മൾ ഒരുമിച്ചുള്ള, ജോർജ്ജ് സാറിൻ്റെ ക്രൂരമായ പെരുമാറ്റം ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നിങ്ങൾ എന്നോട് വളരെ സ്നേഹത്തോടെയും ദയയോടെയുമാണ് പെരുമാറിയത്. എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയും നമ്മുടെ സൗഹൃദസംഭാഷണങ്ങളും ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. എനിക്കും നിങ്ങളുടെ അഭിനയജീവിതത്തിൽ ഒരിടം നൽകിയതിന് നന്ദി. എന്നും ഒരു ആരാധകൻ!.
മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ് ‘തുടരും’. ശോഭനയാണ് നായിക. ഓപ്പറേഷന് ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് ‘തുടരും’. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്. സുനിലിന്റേതാണ് കഥ. സുനിലും തരുണും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.
സംവിധായകന് ഭാരതിരാജ, പ്രകാശ് വര്‍മ, മണിയന്‍പിള്ളരാജു, ബിനു പപ്പു, ഫര്ഹാന് ഫാസില്‍, തോമസ് മാത്യു, അമൃതവര്‍ഷിണി, ഇര്‍ഷാദ് അല, ആര്‍ഷ ബൈജു, സംഗീത് പ്രതാപ്, ഷോബി തിലകന്, ജി. സുരേഷ് കുമാര്‍, ശ്രീജിത് രവി, അര്ജുന് അശോകന്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഷാജി കുമാറാണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷഫീഖ് വി.ബി. എന്നിവരാണ് എഡിറ്റര്‍മാര്‍. വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം.