
ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയുടെ പ്രാന്തപ്രദേശങ്ങളില്‍ 80 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ ഗ്രേ വൂൾഫിനെ (Indian grey wolf / Canis lupus pallipes) കണ്ടെത്തി. ഉത്തര ദില്ലിയിലെ യമുനാ നദിക്ക് സമീപം പല്ലയില്‍ നിന്നാണ് ഇന്ത്യന്‍ ചാരക്കുറുക്കനെ കണ്ടെത്തിയത്. ഈ പ്രദേശത്ത് നിന്നാണ് യമുന നഗരത്തിലേക്ക് കരകവിഞ്ഞ് ഒഴുകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പതിറ്റാണ്ടുകൾക്ക് ശേഷം ദില്ലിക്ക് സമീപത്ത് നിന്നും ചാരക്കുറുക്കനെ കണ്ടെത്തിയത്.
ദില്ലിയില്‍ അടുത്തകാലത്തൊന്നും ഈ മൃഗത്തെ കണ്ടെത്തിയതായി രേഖകളില്ല. 1940 ന് ശേഷം ദില്ലിയില്‍ ഇന്ത്യന്‍ ഗ്രേ വൂൾഫിനെ കണ്ടിട്ടില്ലെന്ന് 2014 ലെ ഡൽഹി റിജ്റ്റിലെ ഒരു പ്രസിദ്ധീകരണത്തിൽ ഫോറസ്റ്റർ ജി എൻ സിന്‍ഹ എഴുതിയിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കാഴ്ചയില്‍ ഇത് ഇന്ത്യന്‍ ഗ്രേ വൂൾഫിനെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും പ്രാദേശിക നായകളുമായി ഇണചേര്‍ന്നുണ്ടായ ഇനമാണോയെന്ന് ജനികത പരിശോധന വേണ്ടിവരുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവി ശാസ്ത്രജ്ഞനായ വൈ വി ജ്വാലയുടെ അഭിപ്രായത്തില്‍ ചിത്രത്തിൽ കാണുന്ന മൃഗം കാഴ്ചയില്‍ ഇന്ത്യൻ ഗ്രേ വോൾഫിന്റെ സവിശേഷതകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് ഇന്ത്യൻ ഗ്രേ വോൾഫ് തന്നെയാണോയെന്ന് പൂര്‍ണ്ണമായും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഹൈബ്രിഡൈസേഷൻ നടന്നോയെന്ന് കണ്ടെത്തെണമെന്നും അഭിപ്രായപ്പെട്ടു.
കാഴ്ചയില്‍ അത് വൂൾഫിനെ പോലെയാണ്. എന്നാല്‍ ഇരുണ്ട നിറവും വളഞ്ഞ വാലും നായകളുമായുള്ള ജനിതക സങ്കലന ഇനത്തെ സൂചിപ്പിക്കുന്നു. ജനിതക വിശകലനം ചെയ്യാതെ ഇത് തീരുമാനിക്കാന്‍ കഴിയില്ലെന്നും മറ്റെല്ലാം ഊഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നായകളുടെ എണ്ണത്തിലുണ്ടായ അമിതമായ വര്‍ദ്ധവനും കുറ്റിക്കാട് അടക്കമുള്ള കാട്ടുപ്രദേശങ്ങളുടെ കുറവും ജനിതക സങ്കലനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും ജ്വാല കൂട്ടിചേര്‍ത്തു. ദില്ലിയില്‍ ഈ സ്പീഷിനെ കാണാറില്ലെങ്കിലും ഉത്തര്‍പ്രദേശിലെ വിശാലമായ ഭൂമിയില്‍ ഇവ ധാരാളമുണ്ട്. അതേസമയം നൂറ് കണക്കിന് കിലോമീറ്ററുകൾ താണ്ടാന്‍ കഴിവുള്ളവയാണ് ഇന്ത്യന്‍ ഗ്രേ വൂൾഫ്. ഇരുപത് വര്‍ഷങ്ങൾക്ക് ശേഷം ആദ്യമായി കഴിഞ്ഞ ജനുവരിയിൽ ചമ്പൽ മേഖലയില്‍ നിന്നും ഇന്ത്യന്‍ ഗ്രേ വൂൾഫിനെ കണ്ടെത്തിയിരുന്നു. കര്‍ണ്ണാടകയിലും ജാർഖണ്ഡിലുമാണ് ഇന്ത്യയില്‍ വൂൾഫ് സാങ്ച്വറികളുള്ള രണ്ട് സംസ്ഥാനങ്ങൾ.