
3ഡി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമായ ബീം ഔദ്യോഗികമായി അവതരിപ്പിച്ച് ഗൂഗിള്‍. കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ I/O യിലാണ് ബീം അവതരിപ്പിച്ചത്. നേരത്തെ പ്രൊജക്ട് സ്റ്റാര്‍ലൈന്‍ എന്ന പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബീമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
നിര്‍മിതബുദ്ധി, 3ഡി ഇമേജിങ് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വ്യക്തികളുടെ ദൃശ്യം കൂടുതല്‍ വലുതായും ഡെപ്തിലും കാണുന്നതിനായി പ്രത്യേക ഡിസ്പ്ലേയും ഇതില്‍ ഉപയോഗിക്കും. ഇതുവഴി ദൂരെയിരുന്ന് സംസാരിക്കുന്ന ഒരാള്‍ ഒരാള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ മുന്നില്‍ ഇരുന്ന് സംസാരിക്കുന്നത് പോലെ തോന്നും. ഹെഡ്സെറ്റോ പ്രത്യേക ഗ്ലാസോ ഇതിന് ആവശ്യമില്ല. സ്വാങാവികമായ രീതിയില്‍ മുഖാമുഖം സംസാരിക്കാനാവും വിധമാണ് ഇത് ഒരുക്കിയിരിക്കുന്നത്.
എഐയുടെ സഹായത്തോടെയാണ് സാധാരണ വീഡിയോയെ വിവിധ കോണുകളില്‍ നിന്നു കാണുന്ന 3ഡി ദൃശ്യങ്ങളാക്കി മാറ്റുന്നത്. ഗൂഗിള്‍ ക്ലൗഡിലാണ് ബീമിന്റെ പ്രവര്‍ത്തനം.
ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബീം ഒരുക്കിയിരിക്കുന്നത്. എച്ച്പിയുമായി സഹകരിച്ചാണ് ബീം ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുക. വരാനിരിക്കുന്ന ഇന്‍ഫോകോം പരിപാടിയില്‍ ഈ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗൂഗിള്‍ മീറ്റ്, സൂം എന്നീ പ്ലാറ്റ്ഫോമിലും ബീം എത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നുണ്ട്. ഇതുവഴി സോഫ്റ്റ് വെയര്‍ മാറാതെ തന്നെ ബീം ഉപയോഗിക്കാനാവും.
സൂം, ഡൈവേഴ്സിഫൈഡ്, എവിഐ-എസ്പിഎല്‍ എന്നീ കമ്പനികളുമായി സഹകരിച്ച് ബീം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഡിലോയിറ്റ്, സേയില്സ്ഫോഴ്സ്, സിറ്റാഡെല്‍, എന്‍ഇസി, ഹാക്കെന്‍സാക്ക് മെരിഡിയന്‍ ഹെല്‍ത്ത്, ഡൂലിംഗോ എന്നീ കമ്പനികള്‍ ഇതിനകം ബീം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.