ദില്ലി: ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിലാണിത്. നിർദേശം യാഥാർത്ഥ്യമായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംഘത്തെ നയിക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. സൗദി മാധ്യമമായ സൗദി ഗസറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ചയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. തീവ്രവാദ വിഷയത്തിൽ പാകിസ്ഥാൻ ചർച്ചകൾക്ക് തയാറാകണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. 

വെടിനിർത്തലിന് പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചർച്ചകൾക്ക് തയ്യാറാണെന്ന നിലപാടുമായി പാകിസ്ഥാൻ രം​ഗത്തെത്തിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുമായി ചർച്ച നടത്താനും തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. വെടിനിർത്തലിന് ശേഷം അതിർത്തികൾ സാധാരണനിലയിലേക്ക് വരുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടി കൈക്കൊള്ളാൻ രണ്ടു സേനകളും ധാരണയിലെത്തി. 

അതിർത്തിയിലെ തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാനും ഇത് സഹായകരമാകും. വൈകാതെ ഡിജിഎംഒ തലത്തിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും സേന വൃത്തങ്ങൾ പറഞ്ഞു. കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം അതിർത്തിയിൽ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് കരസേനാ വൃത്തങ്ങളുടെ അറിയിപ്പ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply