
കൊച്ചി: കേസൊതുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ കോഴവാങ്ങി എന്ന കേസിൽ അറസ്റ്റിലായ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ, ഏജന്റുമാർ എന്നറിയപ്പെടുന്ന വിൽസൺ, മുകേഷ് എന്നിവർ കൊച്ചി വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കോടതി നിർദേശ പ്രകാരമാണ് പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായത്.
ചോദ്യം ചെയ്യലിന് അടുത്ത അഞ്ച് ദിവസം കൃത്യമായി വിജിലൻസ് ഓഫീസിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ ഇവർ വിജിലൻസ് ഓഫീസിൽ എത്തിയത്. കേസിൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്ന വസ്തുക്കളുടെ ഫലം ലഭിച്ചിട്ടില്ല. വൈകാതെ തന്നെ ഇത് ലഭിക്കുമെന്നാണ് വിവരം. ഇഡി അഡീഷണൽ ഡയറക്ടർ ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. ശേഖറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഇഡിയോട് വിജിലൻസ് ഫയൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഉദ്യോഗസ്ഥർ ഫയൽ കൈമാറിയിട്ടില്ല. ഇന്നോ നാളെയോ ഫയൽ കിട്ടിയേക്കുമെന്നാണ് വിവരം. എല്ലാ സത്യങ്ങളും വൈകാതെ തന്നെ പുറത്തുവരുമെന്നാണ് വിജിലൻസ് എറണാകുളം റേഞ്ച് എസ്പി എസ്. ശശിധരൻ പ്രതികരിച്ചത്. കേസിൽ പരാതിയുമായി ബന്ധപ്പെട്ട ഫയൽ നൽകാൻ ഇഡിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രാഥമികമായി പരിശോധിച്ചപ്പോൾ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട് – എസ്പി കൂട്ടിച്ചേർത്തു.