
ടോക്യോ: യാത്രക്കാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതിന് ജപ്പാനില്‍ ടാക്സി ഡ്രൈവറായ 54-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതുവയസ്സിന് താഴെ പ്രായമുള്ള യുവതിയെ മയക്കുമരുന്ന് നല്കി ബോധരഹിതയാക്കിയശേഷം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അതേസമയം, വര്‍ഷങ്ങളായി പ്രതി ഇത്തരത്തില്‍ ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചതായി സംശയമുണ്ടെന്നും അമ്പതോളം സ്ത്രീകള്‍ ഇയാളുടെ അതിക്രമത്തിനിരയായെന്നാണ് സംശയമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടാക്സിയില്‍ കയറുന്ന യുവതികള്‍ക്ക് മയക്കുമരുന്ന് നല്‍കിയശേഷം ഇവരെ ലൈംഗികമായി പീഡിപ്പിക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഇയാളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് സ്ത്രീകളെ പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 2008 മുതലുള്ള ദൃശ്യങ്ങളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞവര്‍ഷം ഒരു യുവതിയെ പീഡിപ്പിച്ച കേസിലാണ് ടാക്സി ഡ്രൈവറായിരുന്ന 54-കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മറ്റൊരു യുവതിയെ മയക്കുമരുന്ന് നല്കി ബോധംകെടുത്തി കൊള്ളയടിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, ഈ കേസില്‍ പ്രതി പിന്നീട് ജയിലില്‍നിന്ന് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പീഡനക്കേസില്‍ വീണ്ടും അറസ്റ്റിലായത്.