
കൊച്ചി: കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിന്റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്സി എൽസ-3 എന്ന പേരുള്ള ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാര്‍ ഇപ്പോഴും കപ്പലിലുണ്ട്.
കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ ഒരു വശം പൂര്‍ണമായും ചെരിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ നിലവിൽ മുങ്ങിത്താഴ്ന്നില്ലെന്നും സ്ഥിരതയോടെയാണ് നിൽക്കുന്നതെന്നുമാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്.
കപ്പലിൽ 20 ഫിലിപ്പൈൻ പൗരൻമാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഒരു ജോർജിയൻ പൗരനും റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് ഉണ്ടായിരുന്നത്. വിവിധ തരത്തിലുള്ള ചരക്കുകളാണ് കണ്ടെയ്നറുകളിലുള്ളത്. ഇതിൽ ചിലത് അപകടകരമായ ഇന്ധനമടക്കം ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റുകാർഡിന്റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്കിട്ടു നൽകിയാണ് രക്ഷാപ്രവര്‍ത്തനം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കൊച്ചിയിലെത്തി തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി പത്തിനാണ് കൊച്ചിയിലെത്തേണ്ടിയിരുന്നത്. മറൈൻ ഗ്യാസ് ഓയിലടക്കമുള്ള അപകടകരമായ ഇന്ധനം കണ്ടെയ്നറുകളിലുണ്ടെന്നാണ് വിവരം. ഇതിന് പുറമെ മറൈൻ ഇന്ധന വിഭാഗത്തിലുള്ള ലോ സള്‍ഫര്‍ ഫ്യൂവൽ ഓയിലുമുണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിക്കുന്നത്. കൊളംബോയിൽ നിന്നും വന്ന ലൈബീരിയൻ പതാകക്ക് കീഴിലെത്തിയ കപ്പലാണിത്. 183.91 മീറ്റര്‍ നീളവും 25.3 മീറ്റര്‍ വീതിയുമുള്ള ഫീഡർ സർവീസ് വിഭാഗത്തിൽപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നത് അപകടത്തിൽപ്പെട്ട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫീഡർ കപ്പലുകളിലാണ്.
കേരളാ തീരത്ത് ഈ കാർഗോകൾ അടിഞ്ഞാൽ തൊടരുത്! അപകടകരം
കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.
ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ തുടങ്ങി.
ഏത് കപ്പലിൽ നിന്നാണ് ഇവ കടലിൽ വീണതെന്ന് വ്യക്തമായിട്ടില്ല. കടലിൽ കണ്ടെയ്നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാൽ പൊതുജനം ഇതിനടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. ഇത്തരമൊരു മുന്നറിയിപ്പ് സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.
ഉൾക്കടലിൽ കേരളാ തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നറുകൾ കണ്ടതെന്നാണ് വിവരം. അന്താരാഷ്ട്ര പാതയിലൂടെ പോയ കപ്പലിൽ നിന്ന് കടൽക്ഷോഭത്തെ തുടർന്ന് പത്തോളം കണ്ടെയ്നറുകൾ വീണുവെന്നാണ് കരുതുന്നത്. കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്നർ വെള്ളത്തിൽ വീണുവെന്നും ഒപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം