
കൊച്ചി: സിഎംആര്‍എല്ലിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുന്‍സിഫ് കോടതി. ഷോണ്‍ ജോര്‍ജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ന്നും ആരോപണം ഉന്നയിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. സിഎംആര്‍എല്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
സിഎംആര്‍എല്ലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കോടതിയുടെ വിലക്കുണ്ട്. പ്രിന്റ്, ഇലക്ട്രോണിക്ക്, ഡിജിറ്റല്‍, ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. ഷോണ്‍ ജോര്‍ജ് അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്.
അടിസ്ഥാനരഹിതവും അപകീര്‍ത്തീകരവുമായ പരാമര്‍ശങ്ങളാണ് ഷോണ്‍ ജോര്‍ജ് നടത്തുന്നതെന്നായിരുന്നു സിഎംആര്‍എല്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അപകീര്‍ത്തി പ്രചാരണം വിലക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദമായവാദം കോടതി പിന്നീട് കേള്‍ക്കും. ഇതിനായി അടുത്തമാസം അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും.