
ജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ ജാഗ്രതയോടെ നിലകൊള്ളുമെന്നും പാകിസ്താനെ വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തി രക്ഷാസേന(ബിഎസ്എഫ്).
പാകിസ്താന്റെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റം, മറ്റ് പ്രകോപനങ്ങൾ എന്നിവ ഉണ്ടാവുമെന്ന വിവരങ്ങളുണ്ടെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ തുടരുമെന്നും ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് സജ്ജമാണ്. അസിസ്റ്റന്റ് കമൻഡാന്റ് നേഹാ ഭണ്ഡാരി ഉൾപ്പെടെയുള്ള ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥർ ഫോർവേഡ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിലൂടെ മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചു. പാക് ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു, അത്തരം 50-ഓളം ശ്രമങ്ങൾ പരാജയപ്പെടുത്തി.
മേയ് ഒമ്പത്, 10 തീയതികളിൽ അഖ്നൂരിനടുത്തുള്ള അതിർത്തിയിൽ പാകിസ്താൻ ഒരു പ്രകോപനവുമില്ലാതെ വെടിയുതിർത്തു. മറുപടിയായി, ലഷ്കറെ തൊയ്ബയുമായി ബന്ധപ്പെട്ട ലോണി ലോഞ്ച് പാഡിൽ ബിഎസ്എഫ് ആക്രമണം നടത്തി. 72 പാക് പോസ്റ്റുകളും 47 ഫോർവേഡ് പോസ്റ്റുകളും തകർത്തു.
സാംബ സെക്ടറിലെ ബിഎസ്എഫിന്റെ ഒരു പോസ്റ്റിന് ‘സിന്ദൂർ’ എന്നും മറ്റ് രണ്ടെണ്ണത്തിന് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച രണ്ടുദ്യോഗസ്ഥരുടേയും പേരുകൾ നൽകും.
ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസ്, കോൺസ്റ്റബിൾ ദീപക് കുമാർ, സൈനികൻ നായിക് സുനിൽ കുമാർ എന്നിവരാണ് മേയ് പത്തിലെ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്.
: ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ജമ്മു-കശ്മീരിലെ കഠുവയിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷാസേന തിരച്ചിൽ നടത്തി. പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ജമ്മു-കശ്മീർ പോലീസിന്റെ പ്രത്യേക വിഭാഗം സാംബ ജില്ലയിലെ മനോഹർ ഗോപാല, ഷതല ക്യാമ്പ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തി.