
ഒര്‍ലാന്‍ഡോ: വിമാനയാത്രയ്ക്കിടെ തന്നെ ശാരീരിക ഘടനയുടെ പേരില്‍ അപമാനിച്ച കുട്ടിയെ മര്‍ദിച്ചതിന് യുവതി അറസ്റ്റില്‍. ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്ളോറിഡയില്നിന്നുവന്ന വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുമായി യുവതി വലിയ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഇത് മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.
യുഎസിലെ മെറിലാന്‍ഡില്‍നിന്നുള്ള ക്രിസ്റ്റി ക്രംപ്ടണ്‍ (46) എന്ന യുവതിയാണ് അറസ്റ്റിലായത്. ക്രിസ്റ്റിയും കുട്ടിയും തമ്മില്‍ ഏറെനേരം വാഗ്വാദം നടന്നിരുന്നു. ഒടുവില്‍ ക്രിസ്റ്റി കുട്ടിയെ അടിക്കുകയും തല പിടിച്ച് വിമാനത്തിന്റെ ജനാലയില്‍ ഇടിക്കുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് സാന്‍ഫോര്‍ഡ് എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.
കുട്ടിയുടെ സംസാരം ശരിയല്ലായിരുന്നു. എന്നാല്‍ ക്രിസ്റ്റി അവനെ തിരുത്താനല്ല മറിച്ച് അവനുമായി തര്‍ക്കിക്കാനും ശിക്ഷിക്കാനുമാണ് തുനിഞ്ഞത്. കുട്ടികള്‍ അറിവില്ലായ്മകൊണ്ട് തെറ്റുചെയ്താല്‍ മുതിര്‍ന്നവര്‍ അവരെ തിരുത്തുകയും നേര്‍വഴിക്ക് നടത്തുകയുമാണ് വേണ്ടത്. അല്ലാതെ നേരെ ശിക്ഷയിലേക്ക് കടക്കുകയല്ല വേണ്ടത്. അതുകൊണ്ടുതന്നെ യുവതിയുടെ ഭാഗത്താണ് തെറ്റെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
അതുകൊണ്ടാണ് കുട്ടിയെ ഉപദ്രവിച്ച യുവതിക്കെതിരെ ചൂഷണത്തിനും അധിക്ഷേപത്തിനും കേസെടുക്കണം എന്ന് വാദിച്ചതെന്നാണ് ദൃക്സാക്ഷികളുടെ പക്ഷം. അതേസമയം, വിമാനത്തില്‍ കയറിയതുമുതല്‍ കുട്ടിയെക്കൊണ്ട് ശല്യമായിരുന്നുവെന്നും എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ വന്നതോടെയാണ് ദേഹോപദ്രവം ഏല്പിക്കേണ്ടുന്ന നിലയിലേക്ക് എത്തിയതെന്നും ക്രിസ്റ്റി പറയുന്നു.
യാത്രയില്‍ ഉടനീളം മോശമായ രീതിയിലായിരുന്നു കുട്ടിയുടെ സംസാരവും പെരുമാറ്റവും. അടക്കിയിരുത്തുക എന്ന ലക്ഷ്യത്തോടെ ഫോണ്‍ വാങ്ങി മാറ്റിവെച്ചതോടെ കുട്ടി ക്രിസ്റ്റിയുടെ കൈ ആംറെസ്റ്റില്‍നിന്ന് തള്ളി താഴെയിട്ടു. മാത്രമല്ല, യുവതിയെ തടിച്ചി എന്നും മിസ്സ് പിഗ്ഗി എന്നുമടക്കം വിളിച്ച് ബോഡി ഷെയ്മിങ് നടത്തി. ഇത് തുടര്‍ന്നതോടെയാണ് താന്‍ കുട്ടിയെ മര്‍ദിച്ചത് എന്നാണ് ക്രിസ്റ്റി പറയുന്നത്.
ക്രിസ്റ്റിയും യുവതിയും തമ്മിലുള്ള ബന്ധം, ഇവര്‍ ബന്ധുക്കളാണോ അതോ സഹയാത്രികര്‍ മാത്രമായിരുന്നോ എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല എന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റുചെയ്ത് സമിനോള്‍ കൗണ്ടി ജയിലിലേക്ക് അയച്ച ക്രിസ്റ്റിയെ പിന്നീട് ജാമ്യം നല്കി പുറത്തുവിട്ടു. ഏകദേശം എട്ടരലക്ഷം രൂപ ബോണ്ടിന്മേലാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്.