
ഭോപ്പാല്‍: ഭര്‍ത്താവിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയിൽ കെമിസ്ട്രി ക്ലാസെടുക്കുന്ന വയോധികയുടെ വീഡിയോ വൈറല്‍. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശ് ഹൈക്കോടതിയില്‍ തന്റെ കേസ് സ്വയം വാദിക്കുന്ന വയോധികയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുളളത് എന്നാണ് ഹൈക്കോടതി ജഡ്ജി മംത പഥക് എന്ന സ്ത്രീയോട് ചോദിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തീയില്‍ നിന്ന് പൊളളലേറ്റ പാടുകളും വൈദ്യുതിയില്‍ നിന്നും പൊളളലേറ്റ പാടുകളും തമ്മിലുളള വ്യത്യാസം കണ്ടെത്താനാകില്ല എന്നാണ് മംത പഥക് കോടതിക്ക് നല്കിയ മറുപടി.
ജസ്റ്റിസ് വിവേക് അഗര്‍വാളും ജസ്റ്റിസ് ദേവ്നാരായണ്‍ മിശ്രയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിനു മുന്‍പാകെയാണ് കെമിസ്ട്രി അസിസ്റ്റന്‍ഡ് പ്രൊഫസറായിരുന്ന മംത പഥക് ഇക്കാര്യം പറഞ്ഞത്. തന്റെ വാദം സമര്‍ത്ഥിക്കാനായി പ്രക്രിയയെക്കുറിച്ച് അവര്‍ വിശദീകരിക്കുകയും ചെയ്തു. എങ്ങനെയാണ് വൈദ്യുത പ്രവാഹം ശരീരത്തിലെ കോശങ്ങളിലൂടെ പ്രവഹിക്കുന്നതെന്നും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അവര്‍ വിശദീകരിച്ചു. കോടതിയിൽ ഉന്നയിച്ച വളരെ സങ്കീർണ്ണമായ വിശീദികരണങ്ങൾ പക്ഷെ വിഷ്വലി കാണിച്ച് തരാനാകില്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. വയോധികയുടെ വാദം കേട്ട് അത്ഭുതപ്പെട്ട ജഡ്ജി താങ്കള്‍ കെമിസ്ട്രി പ്രൊഫസറാണോ എന്ന് മംതയോട് ചോദിക്കുന്നുണ്ട്. അതെ എന്നായിരുന്നു അവരുടെ മറുപടി.
ഭര്‍ത്താവിന് അമിതമായി ഉറക്കഗുളികകള്‍ കൊടുത്ത് മയക്കിക്കിടത്തി വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നു എന്നതാണ് മംത പഥക്കിനെതിരായ കേസ്. 2021 ഏപ്രില്‍ 29-നായിരുന്നു സംഭവം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഡോക്ടര്‍ നീരജ് പഥക്കിനെ അമിതമായ അളവില്‍ ഉറക്കഗുളികകള്‍ നല്‍കുകയും തുടര്‍ന്ന് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇവര്‍ മകനുമൊത്ത് ത്സാന്‍സിയിലേക്ക് കടന്നുകളഞ്ഞു. മെയ് ഒന്നിന് ത്സാന്‍സിയില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ഇവര്‍ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍, ഭാര്യ തന്നെ ഉപദ്രവിക്കുന്നുവെന്ന് പറയുന്ന നീരജ് പഥക്കിന്റെ ഓഡിയോ പുറത്തുവന്നതോടെ കേസ് മംതയ്ക്കെതിരെ തിരിയുകയായിരുന്നു. വലിയ തെറ്റ് ചെയ്തുവെന്ന് മംത പറഞ്ഞതായി അവരുടെ ഡ്രൈവറും മൊഴി നല്കി. ഇതോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുളള കൊലപാതകമായിരുന്നു നീരജിന്റേതെന്ന് കോടതി കണ്ടെത്തി. മംത പഥക്കിനെ ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രില്‍ 29-നായിരുന്നു കേസിലെ അവസാന വാദം. കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. മംത പഥക് നിലവില്‍ ജാമ്യത്തില്‍ തുടരുകയാണ്.