
ടോക്സിക്’ സിനിമയിലെ സ്ത്രീവിരുദ്ധതയില്‍ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ‘ടോക്സിക്കിനെ’നെ കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ് ആണ്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയുമെന്നും ഞങ്ങള്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ മാത്രം കാര്യമാണെന്നുമായിരുന്നു മിറിയം ജോസഫിന്റെ പ്രതികരണം.
ഡബ്ല്യുസിസിയ്ക്കുളളില്‍ പല ചര്‍ച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങള്‍ പത്രക്കാര്‍ക്ക് കൊടുക്കാറില്ല. ഞങ്ങള്‍ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാന്‍ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിസ്റ്റ് ആയിട്ടുളള കാര്യങ്ങള്‍ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയും. അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനില്‍ക്കുന്നത്. ഗീതു മോഹന്‍ദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്’ മിറിയം വ്യക്തമാക്കി.