ന്യൂഡൽഹി: തന്റെ വിവാഹമോചനത്തെക്കുറിച്ചുണ്ടായ പൊതു ചർച്ചകളോട് പ്രതികരിച്ച് സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ. തനിക്കെതിരെ ഉയർന്ന ട്രോളുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പൊതുജീവിതം തിരഞ്ഞെടുത്തത് ബോധപൂർവമാണെന്നും അതുകൊണ്ട് എല്ലാവരും വിലയിരുത്തപ്പെടുമെന്നും റഹ്മാൻ പറഞ്ഞു. നയൻദീപ് രക്ഷിതുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഏറ്റവും ധനികനായ വ്യക്തി മുതൽ ദൈവം വരെ വിലയിരുത്തപ്പെടുന്നുവെന്ന് എ.ആർ റഹ്മാൻ പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കിൽ തന്റെ കാര്യം ചോദിക്കാനുണ്ടോയെന്നും റഹ്മാൻ പറഞ്ഞു. താൻ മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ, ആരെങ്കിലും തന്റെ കുടുംബത്തെക്കുറിച്ചും പറയും. ഇന്ത്യക്കാരെന്ന നിലയിൽ നമ്മൾ ഇത് വിശ്വസിക്കുന്നു. ആരും അനാവശ്യമായ കാര്യങ്ങൾ പറയരുത്. കാരണം എല്ലാവർക്കും ഒരു സഹോദരിയും ഭാര്യയും അമ്മയുമുണ്ടെന്നും എ.ആർ റഹ്മാൻ ചൂണ്ടിക്കാട്ടി.

“ആരെങ്കിലും വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുമ്പോൾ പോലും, അവരോട് ക്ഷമിക്കുകയും അവരെ നേർവഴിക്ക് നയിക്കുകയും ചെയ്യണമേയെന്ന് പ്രാർത്ഥിക്കുമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിലാണ് എ.ആർ. റഹ്മാനും സൈറ ബാനുവും വിവാഹമോചനം പ്രഖ്യാപിച്ചത്. എ.ആർ. അമീൻ, രണ്ട് പെൺമക്കളായ ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ എന്നിങ്ങനെ മൂന്നുമക്കളുണ്ടിവർക്ക്.

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു.” ഇങ്ങനെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് എ.ആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply