തിരുവനന്തപുരം: ചികിത്സാ പിഴവിന് ഡോക്ടര്‍ക്ക് പിഴയിട്ട് കോടതി. ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് കുടുങ്ങി എന്ന കേസിലാണ് നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിന് മൂന്ന് ലക്ഷം രൂപ പിഴവിധിച്ചത്. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാന്‍ പി ശശിധരന്‍, അംഗങ്ങളായ വി.എന്‍. രാധാകൃഷ്ണന്‍, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
2022 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് ജിത്തു സിസേറിയന് വിധേയയാത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് തവണ ഡോക്ടര്‍ സുജയെ വന്ന് കാണുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വേദന സംഹാരി നല്‍കി മടക്കി അയക്കുകയായിരുന്നു ചെയ്തത്.
2023 മാര്‍ച്ച് മൂന്നിന് വേദനയെത്തുടര്‍ന്ന് ജിത്തു വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സര്‍ജിക്കല്‍ മോപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പെര്‍മനന്റ് അദാലത്തിനെ പരാതിയുമായി ജിത്തു സമീപിച്ചത്.
തനിക്കല്ല നഴ്‌സിനായിരുന്നു പിഴവ് പറ്റിയത് എന്നായിരുന്നു ഡോ. സുജ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞാല്‍ എന്തൊക്കെ സാധനങ്ങള്‍ പുറത്തുണ്ട് എന്ന ലിസ്റ്റ് ഡോക്ടര്‍മാര്‍ തയ്യാറാക്കണം. എന്നാല്‍ അത്തരത്തില്‍ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗൈനക്കോളജിസ്റ്റിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചെലവും മറ്റുമായി പതിനയ്യായിരം രൂപയുമാണ് ഗൈനക്കോളജിസ്റ്റ് ശിക്ഷയായി അടക്കേണ്ടത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply