
കോഴിക്കോട്: ശശി തരൂരിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോണ്‍ഗ്രസുകാരന്‍ ആ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം. അത് തരൂരിന്റെ മാത്രമല്ല, താന്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തകരുടേയും ചുമതലയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ആരും മുകളില്‍നിന്ന് കെട്ടിയിറക്കി വരുന്നവരല്ല. പാര്‍ട്ടിയുടെ വളയത്തിനുള്ളില്‍നിന്ന് പുറത്തുവന്ന് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ കയ്യടി കിട്ടുമായിരിക്കും, കയ്യടിക്ക് ഉപരിയായി പാര്‍ട്ടിയുമായി ബന്ധപ്പെട്ടുനിന്ന് പ്രവര്‍ത്തിക്കണം. ഇതിന് കഴിയില്ലെങ്കില്‍ സ്വതന്ത്രനായി നിന്ന് മത്സരിച്ച് വിജയിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മാതൃഭൂമി ഓഫിസ് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്വതന്ത്രനായി നിന്ന് മത്സരിച്ച് വിജയിച്ചാല്‍ പാര്‍ട്ടി പറയുന്നത് ഒന്നു കേള്‍ക്കേണ്ട, പാര്‍ട്ടി നിര്‍ദ്ദേശിച്ചില്ലെങ്കിലും ഞാന്‍ പോവുമെന്ന് പറയുന്ന നിലപാട് ശരിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസിന് ഒരു അഭിപ്രായം ഉണ്ട്, അത് സ്വീകരിക്കല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. കോണ്‍ഗ്രസ് എന്ന മാതൃസംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലേക്ക് ആര് പോയാലും അത് ശരിയല്ല. ഏത് വലിയവന്‍ ആയാലും ചെറിയവന്‍ ആയാലും പാര്‍ട്ടി ചട്ടകൂടിന് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം. വര്‍ക്കിങ് കമ്മറ്റി മെമ്പര്‍ എന്ന വലിയ പദവിയില്‍ ഇരിക്കുന്നയാള്‍ ഇത്തരം നിലപാട് എടുക്കുമ്പോള്‍ അത് ക്ഷീണം ചെയ്യുമോ എന്ന് അദ്ദേഹം ചിന്തിക്കണം’- അടൂര്‍ പ്രകാശ് പറഞ്ഞു.