തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയിലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. ജൂനിയർ അഭിഭാഷകയെ മാറ്റാൻ താൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാർ കൗൺസിലിന് നൽകിയ പരാതി. ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിൻ ദാസ് വാദിക്കുന്നു. 

സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകനെ പിടികൂടാൻ വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി കുടുംബം. പ്രതിയായ ബെയിലിൻ ദാസിനെ അഭിഭാഷക മർദ്ദിച്ചെന്ന ബാർ അസോസിയഷൻ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം വ്യക്തമാക്കി. പരാതിക്കാരിയായ അഭിഭാഷക ശ്യാമിലിയ്ക്കെതിരെ ഇന്നലെ ന്യൂസ് അവറിലായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറി ജി മുരളീധരന്‍റെ ഗുരുതര ആരോപണം. എന്നാൽ കള്ളം പ്രചരിപ്പിക്കുകയാണ് ബാർ അസോസിയേഷൻ സെക്രട്ടറിയെന്നും ജാമ്യം കിട്ടാനുള്ള പ്രചാരണമാണിതെന്നും ശ്യാമിലി മർദ്ദിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കട്ടെ എന്നുമായിരുന്നു അമ്മ വസന്ത പറയുന്നത്.

സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടകൂടാനാകാത്തതിൽ വിഷമമുണ്ടെന്നും കുടുബം ആവശ്യപ്പെടുന്നു. അതേസമയം പ്രതിക്കായി അന്വേഷണം തുടരുകയാെന്നാണ് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നത്. പ്രതി കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. അതേസമയം, ബെയിലിൻ ദാസിൻ്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply