വെഞ്ഞാറമൂട്: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ക്കഴിയുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. അന്വേഷണസംഘം നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ ബുധനാഴ്ച നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. വിശദമായ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന.
ആദ്യം റിപ്പോര്‍ട്ട് ചെയ്ത, പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുന്നത്.
ഈ കേസില്‍ അഫാന്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളില്‍ വെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. തെളിവെടുപ്പ് നടത്തുമ്പോള്‍ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.
മകന്‍ അഫാന്‍ ചെയ്ത കൂട്ടക്കൊലയെപ്പറ്റിയുള്ള വിവരങ്ങള്‍ ചികിത്സയില്‍ക്കഴിയുന്ന മാതാവ് ഷെമിയോടു പറയാനൊരുങ്ങി ബന്ധുക്കള്‍. അഫാന്റെ ആക്രമണത്തെത്തുടര്‍ന്ന് തലയില്‍ 40 തുന്നലുകളുമായി ഷെമി ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഷെമിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റംവന്നതോടെയാണ് കൊലപാതകവിവരങ്ങള്‍ പറയാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
ഭര്‍ത്താവായ റഹീമാകും ഷെമിയോടു കാര്യങ്ങള്‍ പറയുക. കഴിഞ്ഞ ദിവസങ്ങളില്‍ റഹീമിനെക്കൊണ്ട് ഷെമിയോടു വിവരങ്ങള്‍ പറയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഷെമിയുടെ പ്രതികരണം എന്താണ് എന്നറിയാന്‍, ബുധനാഴ്ച എത്തിയ ഡോക്ടറോട് മക്കളെ ചോദിച്ചപ്പോള്‍ അവര്‍ക്കും ഇതുപോലെ തലയ്ക്കു പരിക്കുപറ്റി ആശുപത്രിയില്‍ ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഷെമിയുടെ മൊഴി ഇതുവരെ അന്വേഷണസംഘം എടുത്തിട്ടില്ല.
ഇനി കൊലപാതകവിവരങ്ങള്‍ അറിയിച്ചിട്ടാകും പോലീസ് മൊഴിയെടുക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അഫാനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു മൊഴി. കട്ടിലില്‍നിന്നു വീണ് തലയ്ക്കു പരിക്കേറ്റതെന്നായിരുന്നു പറഞ്ഞിരുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply