
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയർബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിൽ വീഴച്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നൽകിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പറത്തുവന്നു.
ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ 200 ലേറെ പേരുടെ മൃതദേഹമാണ് വിട്ടുനൽകിയത്. ഇതിൽ 2 പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നു. മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരൻ സഹോദരിയുടെ ഡിഎൻഎ പരിശോധനഫലം കാത്ത് അഹമ്മദാബാദിൽ തുടരുകയാണ്. അപകടത്തിൽ പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകൾ വിമാന ഭാഗങ്ങളുടെ പരിശോധനയിൽ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തിൽ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.
ഇതിനിടെ എയർ ഇന്ത്യയുടെ മൂന്ന് എയർബസ് ജെറ്റ് വിമാനങ്ങൾക്ക് അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് നടത്തിയെന്ന് വിവരം പുറത്ത് വന്നു. ഗൾഫിലേക്ക് വരെ നടത്തുന്ന മൂന്ന് വിമാനങ്ങളിൽ കർശനമായി നടത്തേണ്ട പരിശോധന മൂന്ന് മാസത്തോളം വൈകിയെന്ന് കാട്ടി ഡിജിസിഎ നോട്ടീസ് നൽകിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ റിപ്പോർട്ടിനെ കുറിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.