കൊച്ചി: പാതി വില തട്ടിപ്പില്‍ ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങള്‍. ഇതേസമയം, 918 പേരില്‍ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയില്‍ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കോഴിക്കോട് ഫറോഖ് പൊലീസ് കേസെടുത്തു.
അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ അനന്തുവിനെ ഇന്നലെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ അയച്ചത്. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം നിലവിലെ അന്വേഷണസംഘത്തില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിര്‍ദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്.
കേരള ഗ്രാമ നിര്‍മാണ സമിതി സെക്രട്ടറി സുരേഷ് ബാബുവിന്റെ പരാതിയിലാണ് കോഴിക്കോട് ഫറോഖ് പൊലീസ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാറിനും അനന്തുകൃഷ്ണനുമെതിരെ കേസെടുത്തത്. 918 ആളുകളില്‍ നിന്ന് 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. 918 ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദകുമാറിനെ വിശ്വസിച്ചാണ് ഇടുക്കിയിലും വനിതകള്‍ സീഡ് സൊസൈറ്റികളില്‍ അംഗങ്ങളായത്. ഇടുക്കിയില്‍ നടന്ന യോഗങ്ങളിലെല്ലാം അനന്തുകൃഷ്ണനെ തന്റെ പിന്‍ഗാമിയെന്നാണ് ആനന്ദകുമാര്‍ വിശേഷിപ്പിച്ചിരുന്നത്.
ആനന്ദകുമാര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് പലരും ഇപ്പോഴാണ് അറിയുന്നത്. ഇടുക്കിയിലെ വണ്ടന്‍മേട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പില്‍ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്തുകൃഷ്ണന്‍, മുന്‍ കുമളി പഞ്ചായത്ത് പ്രസിഡന്റും സ്പിയാര്‍ഡ്‌സ് ചെയര്‍പേഴ്‌സണുമായ ഷീബ സുരേഷ്, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സുമ അനില്‍കുമാര്‍ എന്നിവരാണ് മറ്റുപ്രതികള്‍. കൂടുതല്‍ കേസുകളില്‍ ആനന്ദകുമാര്‍ പ്രതിയാകുമെന്നാണ് പൊലീസ് പറയുന്നത്.തട്ടിപ്പിന്റെ തുടക്ക കാലങ്ങളില്‍ ഇടുക്കിയില്‍ നടന്ന പല യോഗങ്ങളിലും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദകുമാറും മുന്‍ വനിത കമ്മീഷന്‍ അംഗം ജെ പ്രമീള ദേവിയും പങ്കെടുത്തിരുന്നു. ഇവരോടുള്ള വിശ്വാസമാണ് കൂടുതല്‍ പേരെ സീഡ് സൊസൈറ്റികളിലേക്ക് എത്തിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply