ബ്രാഹ്മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നൽകിയ മറുപടി ആയിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ‘ബ്രാഹ്മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാ​ഗിന്റെ കമന്റ്. 

കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാ​ഗ് കശ്യപിന് നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് മാപ്പ് പറഞ്ഞ് അനുരാ​ഗ് രം​ഗത്ത് എത്തിയത്. ഇത് തന്റെ ക്ഷമാപണം ആണെന്നും ഫൂലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനല്ല അതെന്നും കമന്റിനാണെന്നും അനുരാ​ഗ് കശ്യപ് പറയുന്നു. താൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും അനുരാ​ഗ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. നിങ്ങൾ അന്വേഷിക്കുന്നത് ഒരു ക്ഷമാപണം ആണെങ്കിൽ, ഇതാണ് എൻ്റെ ക്ഷമാപണം. നിങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയുള്ള ബ്രാഹ്മണരാണെന്ന് സ്വയം തീരുമാനിക്കൂവെന്നും അനുരാ​ഗ് കുറിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അനുരാ​ഗ് കശ്യപ് ഫൂലെ സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് പങ്കുവച്ചത്. സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതിറാവു ഫുലെയുടെയും സവിത്രിബായി ഫുലെയുടെയും ജീവിതമാണ് സിനിമയില്‍ പറയുന്നത്. ചിത്രത്തിനെതിരെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും പ്രതിഷേധവും ഉയർന്നു. ഇതോടെ ഏപ്രില്‍ 11ന് റിലീസ് ചെയ്യേണ്ട സിനിമ 20ലേക്ക് മാറ്റുകയും ചെയ്തു. 

“ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇല്ലെങ്കിൽ ബ്രാഹ്മണർക്ക് എന്താണ് പ്രശ്നം? ജാതി വ്യവസ്ഥ നിലവിലില്ലെങ്കിൽ നിങ്ങൾ ആരാണ്? ജാതിയില്ലെങ്കിൽ എന്തിനാണ് ഇത്രയധികം രോഷം? സിനിമ റിലീസാകുന്നതിന് മുമ്പ് സിനിമയുടെ ഉള്ളടക്കം പ്രതിഷേധക്കാർക്ക് എങ്ങനെ കിട്ടി. റിലീസിന് മുമ്പ് ഇവർക്ക് സിനിമ കാണാൻ കഴിഞ്ഞത് ആരെങ്കിലും അവർക്ക് അത് നൽകിയതുകൊണ്ടാണ്. മുഴുവൻ സംവിധാനങ്ങളും തെറ്റായ രീതിയിലാണ് പ്രവർത്തിക്കുന്നത്”, എന്നാണ് അനുരാ​ഗ് കശ്യപിന്റെ പോസ്റ്റ്. ഇതിന് താഴെ വന്നൊരു കമന്റിന് ആയിരുന്നു അനുരാ​ഗ് ‘ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കും’ എന്ന് മറുപടി നൽകിയത്. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply