
ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് ബോളിവുഡ് താരം ഗോവിന്ദയുടെയും ഭാര്യ സുനിത അഹൂജയുടേയും വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഇത് സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഇവരുമായി ബന്ധപ്പെട്ട ചിലയാളുകള്‍ ചില പ്രതികരണങ്ങളുമായി രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ ഗോവിന്ദയുടെ അഭിഭാഷകന്‍ ലളിത് ബിന്ദാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ആറ് മാസം മുമ്പ് സുനിത അഹൂജ ഗോവിന്ദയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കപ്പെട്ടുവെന്നും ലളിത് പറഞ്ഞു.
പുതുവത്സര ദിനത്തില്‍ തങ്ങള്‍ ഒന്നിച്ച് നേപ്പാള്‍ യാത്ര നടത്തിയിരുന്നു. പശുപതീനാഥ് മന്ദിറില്‍ പൂജനടത്തിയിരുന്നുവെന്നും ഗോവിന്ദയ്ക്കും സുനിതയ്ക്കും ഇടയില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ലളിത് ബിന്ദാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഗോവിന്ദയും സുനിതയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹങ്ങളും അഭിഭാഷകന്‍ നിഷേധിച്ചു. എം.പി ആയതിന് ശേഷം ഗോവിന്ദ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു. ഗോവിന്ദയും സുനിതയും വിവാഹിതരായത് മുതല്‍ താമസിക്കുന്ന വീടിന് എതിര്‍വശത്താണിത്. ചില ദിവസങ്ങളില്‍ ആ ബംഗ്ലാവില്‍ വെച്ചാണ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുന്നതെന്നും ചിലപ്പോള്‍ അവിടെ തന്നെ അന്തിയുറങ്ങാറുണ്ടെന്നും ലളിത് പറയുന്നു.
ഒരു പോഡ്കാസ്റ്റില്‍ വന്ന സുനിതയുടെ വാക്കുകള്‍ പ്രത്യേകം തിരഞ്ഞെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ലളിത് പറഞ്ഞു. ‘എനിക്ക് അടുത്ത ജന്മത്തില്‍ ഗോവിന്ദയെ പോലൊരു ഭര്‍ത്താവിനെ വേണ്ട’ എന്ന വാക്യം അതിന് ഉദാഹരണമാണ്. എന്നാല്‍ അദ്ദേഹത്തെ പോലെയൊരു മകനെയാണ് വേണ്ടത് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നുവെന്ന് ലളിത് പറയുന്നു. ഗോവിന്ദ് അദ്ദേഹത്തിന്റെ വാലന്റീനൊപ്പമാണെന്ന സുനിതയുടെ വാക്കുകള്‍ ഉദ്ദേശിച്ചത് അദ്ദേഹം ജോലിത്തിരക്കിലാണെന്നാണെന്നും ലളിത് പറഞ്ഞു.
ആളുകള്‍ നെഗറ്റീവുകളില്‍ മാത്രം കേന്ദ്രീകരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. അവര്‍ ഒരുമിച്ചാണെന്നും എപ്പോഴും അങ്ങനെ ആയിരിക്കുമെന്നും വിവാഹമോചനം ഒരിക്കലും സംഭവിക്കില്ലെന്നും ലളിത് കൂട്ടിച്ചേര്‍ത്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.