തിരുവനന്തപുരം: ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു.

എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കണമെന്ന് നിര്‍ദേശമുണ്ട്. ആശാ പ്രവര്‍ത്തകര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് മെഡിക്കല്‍ ഓഫിസര്‍മാര്‍ സ്വീകരിക്കണം. ഇത്തരം നടപടികള്‍ക്കു കാലതാമസം ഉണ്ടായാല്‍ തൊട്ടടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്ക് അധിക ചുമതല നല്‍കിയോ നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഖന്തരമോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനയോ ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കണം. ഇതിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ്. ഇത്തരത്തില്‍ ചുമതല നല്‍കുന്നവര്‍ക്കുള്ള ഇന്‍സെന്റീവ് നല്‍കാന്‍ മിഷന്‍ ഡയറക്ടര്‍ പിന്നീട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും കത്തില്‍ പറയുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply