
ഒറ്റയ്ക്ക് വഴിവെട്ടിവന്നവന്‍ എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ആസിഫ് അലി. അത്തരമൊരു പ്രയോഗത്തിന് ഒരുവിലയുമില്ലെന്നും ആസിഫ് അലി പറഞ്ഞു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. ഓരോരുത്തരും ഇന്നെത്തി നില്‍ക്കുന്ന നിലയിലെത്താന്‍ കാരണം ചുറ്റുമുള്ളവരും പിന്തുണച്ചവരുമാണെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.
‘ഒറ്റയ്ക്ക് വഴിവെട്ടിവന്നവന്‍ എന്ന പ്രയോഗത്തിന് ഒരുവിലയുമില്ല. നമ്മള്‍ എല്ലാവരും ഇന്ന് എത്തിനില്‍ക്കുന്ന സ്‌റ്റേജില്‍ എത്താന്‍ കാരണം നമ്മുടെ ചുറ്റുമുള്ളവരും സ്‌നേഹിച്ചവരും പിന്തുണച്ചവരുമാണ്. ഞാന്‍ കണ്ട, ചെറുപ്പം മുതലുള്ള എന്റെ സുഹൃത്തുക്കള്‍ മുതല്‍ മാതാപിതാക്കള്‍ മുതല്‍ അധ്യാപകര്‍ മുതല്‍… നിങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹത്തിന് അര്‍ഹനായി ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ അവരുടെ എല്ലാവരുടേയും പിന്തുണയുണ്ട്. അതുകൊണ്ട് ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’- ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വ്യാഴാഴ്ച പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ട്’ മികച്ച പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ‘ആയിരത്തൊന്ന് നുണകള്‍’ക്കുശേഷം താമര്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമയാണ് ‘സര്‍ക്കീട്ടെ’ന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ‘പൊന്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. ആസിഫിനൊപ്പം ബാലതാരം ഒര്‍ഹാന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.