
ദിസ്പുര്‍: കാസിരംഗ ദേശീയോധ്യാനവും കടുവാസംരക്ഷണ കേന്ദ്രവും കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്. 2024-25 വര്‍ഷത്തില്‍ മാത്രം 4,06,564 പേര്‍ ഇവിടം സന്ദര്‍ശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 17,693 പേര്‍ വിദേശ സഞ്ചാരികളാണ്. സഞ്ചാരികളുടെ ഒഴുക്ക് ക്രമാധീതമായി വര്‍ധിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് അസമില്‍ ഉണ്ടായിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം 2014-15 കാലത്ത് 132930 സന്ദര്‍ശകരായിരുന്നു.
2021-22 കാലത്ത് 234416 പേര്‍,
2022-23 കാലത്ത് 324836 പേര്‍,
2023-24 കാലത്ത് 327493 പേര്‍,
2024-25 കാലത്ത് 406564 പേര്‍ എന്നിങ്ങനെയാണ് സന്ദര്‍ശകരുടെ കണക്ക്.
വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.5 ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
2024-25 കാലത്ത് 10.90 കോടി രൂപയാണ് പാര്‍ക്കില്‍ നിന്ന് മാത്രമായുള്ള വരുമാനം. 2014-15 നേക്കാള്‍ 2.85 കോടി കൂടുതലാണിത്. പ്രാദേശിക കട – കമ്പോളങ്ങളുടെ ലാഭത്തിലും സഞ്ചാരികളുടെ ഒഴുക്ക് വന്‍തോതില്‍ സഹായകരമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഡ്ജ്, ഭക്ഷണ ശാലകള്‍, കടകളടക്കമുള്ളവയ്ക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധനവ് സഹായകരമായി.
ഭൂട്ടാന്‍ രാജാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ സന്ദര്‍ശനം സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് കാസിരംഗ സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് 2024-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാസിരംഗയില്‍ എത്തിയിരുന്നു. 1974 -ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാസിരംഗ സന്ദര്‍ശിക്കുന്നത്. 2025- ഫെബ്രുവരിയില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ 60 വിദേശ പ്രതിനിധികളടങ്ങുന്ന സംഘവുമായി ഉദ്യാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ കാസിരംഗയെക്കുറിച്ച് കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കാസിരംഗയെയും ഉള്‍പ്പെടുത്തി ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇക്കോ ടൂറിസത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. പ്രകൃതിക്കനുയോജ്യമായ രീതിയില്‍ യാത്രയ്ക്കായി ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.