
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ജ്യോത്സ്യനെ കെണിയില്‍പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കൊല്ലങ്കോട് സ്വദേശി പ്രഭു (35), പുതുശ്ശേരി സ്വദേശി സരിത എന്ന സംഗീത (43) എന്നിവരാണ് പിടിയിലായത്. സരിതയെ പാലക്കാട്ടിലെ ഒരു ലോഡ്ജില്‍ നിന്നും സുനില്‍കുമാറിനെ കൊല്ലങ്കോട് നിന്നുമാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനിയും നിരവധി പേര്‍ സംഭവത്തില്‍ നേരിട്ടും ഗൂഢാലോചനയിലുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണിട്രാപ്പില്‍ മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം, പാറക്കാല്‍ എസ്. ശ്രീജേഷ് (24), നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം മൈമുനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടിലെ ജോത്സ്യന്റെ വീട്ടിലെത്തി. താന്‍ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ച ള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍.പ്രതീഷിന്റെ (37) വീട്ടിലേക്കാണ് കൊണ്ടുപോയത്.
പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് ജോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മര്‍ദ്ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്‌നയായി മുറിയിലെത്തിയ മൈമുനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. ശേഷം ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ വരുന്ന സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും , 2000 രൂപയും കൈക്കലാക്കി.
ഇതിന് പുറമേ ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പ്രതികള്‍ ജോത്സ്യനെ ഭീഷണിപ്പെടുത്തി. അല്പ സമയത്തിനുശേഷം ഇവര്‍ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യന്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.