
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, രണ്ടുതവണ അടൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.
കൊല്ലം ശൂരനാട് പരേതരായ എന്‍. ഗോപാലപിള്ളയുടെയും എന്‍. ഈശ്വരി അമ്മയുടെയും മകനായി 1930 മാര്‍ച്ച് 11-നായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി. കോളേജില്‍നിന്ന് ബിരുദംനേടി.
പുളിക്കുളം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ച തെന്നല അഞ്ചരവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനായി. 1962 മുതല്‍ കെ.പി.സി.സി അംഗമായിരുന്നു.
1977-ലും 1982-ലും അടൂരില്‍നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നുവന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998-ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നത്. 2001 വരെ അധ്യക്ഷപദവിയില്‍ തുടര്‍ന്നു. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് വന്‍ വിജയം നേടി. 2004-ല്‍ കെ. മുരളീധരന്‍ എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടര്‍ന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെപിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പുതിയ പ്രസിഡന്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
1991-ലും 1992-ലും 2003-ലും കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷന്‍ കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോര്‍ഡ്, റബര്‍ ബോര്‍ഡ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ സബ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ കൊമേഴ്‌സ് തുടങ്ങിയവയില്‍ അംഗമായിരുന്നു. കേരള അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സതീദേവിയാണ് ഭാര്യ. ഒരു മകളുണ്ട്.
ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട്.