സാൽഫോ‌ർഡ്: 2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവിയുടെ സ്ഥിരീകരണം. 2024 ജനുവരി 8 മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ലണ്ടനിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി)ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ൽ ആണ് സ്ഥാപിതമായത്. പിന്നീട്  1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവ‌ർത്തനമാരംഭിച്ചത്. പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമരം​ഗത്തെ അധികായരാണ് ബിബിസി. ആകെ 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

1922 ൽ രൂപീകൃതമായത് മുതൽ, ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്കാരത്തിലും ബിബിസിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.1923-ൽ ബിബിസി ആദ്യത്തെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിംഗ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു.1988 ൽ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ 11 ദശലക്ഷം കോപ്പികളാണ് അന്ന് വിറ്റു പോയത്. ഇത് ബ്രിട്ടീഷ് മാസികകളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പതിപ്പായി കണക്കാക്കപ്പെടുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply