
ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ഇന്ധനടാങ്കിനു മുകളിൽ യുവതിയെ ഇരുത്തി ബൈക്കോടിച്ച യുവാവിന് ട്രാഫിക് പോലീസ് വക 53,500 രൂപ പിഴ. യുവാവിന് അഭിമുഖമായി ഇരുന്ന് ആലിംഗനം ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ യാത്ര. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല.
എന്നാൽ യുവതിയുടെ കൈയിൽ ഒരു ഹെൽമെറ്റ് കാണാമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാർ യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്.
നോയിഡ എക്സ്പ്രസ് വേയിലെ സിസിടിവി ക്യാമറകളിലും ഇവരുടെ ‘അഭ്യാസം’ പതിഞ്ഞിരുന്നു. എന്നാൽ ഇതിനു മുൻപുതന്നെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 53,500 രൂപ പിഴ ചുമത്തിയതായി നോയിഡ ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ ലകൻ സിങ് യാദവ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.
അപകടകരമായ ഡ്രൈവിങ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, അധികാരികളുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങീ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് 1:46 ഓടെയാണ് ഇവർക്കെതിരേ പിഴ ചുമത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.