
ഇസ്ലാമാബാദ്: സിന്ധു നദീജലക്കരാർ റദ്ദാക്കിയാൽ പാകിസ്ഥാനികൾ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തെ അപലപിച്ച ബിലാവൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി. സിന്ധു പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഒന്നുകിൽ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്നുമായിരുന്നു ബിലാവാലിന്റെ വിവാദ പ്രസ്താവന.
സുക്കൂറിൽ നടന്ന പൊതുയോഗത്തിലാണ് ബിലാവാൽ പ്രസ്താവന നടത്തിയത്. പൊതു താൽപര്യ കൗൺസിലിന്റെ (സിസിഐ) സമവായമില്ലാതെ സിന്ധു നദിയിൽ ഒരു കനാലും നിർമ്മിക്കില്ലെന്ന് പാക് സർക്കാർ തീരുമാനിച്ചത് സമാധാനപരമായ പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രവിശ്യകളുടെയും പരസ്പര സമ്മതമില്ലാതെ പുതിയ കനാലുകൾ നിർമ്മിക്കില്ല എന്നത് ഇപ്പോൾ പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക നയമാണ്. സിന്ധിനെ സംരക്ഷിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ശ്രമമാണ് കരാർ റദ്ദാക്കിയതിലൂടെ കാണുന്നത്. ജമ്മു കശ്മീരിൽ ഭീകരാക്രമണം നടന്നതിന് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായതിനാൽ പാകിസ്ഥാൻ അതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്ന് ബിലാവൽ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.