
വിയറ്റ്നാമില്‍ യുവതിയുടെ പിറന്നാളാഘോഷം കലാശിച്ചത് വന്‍ദുരന്തത്തില്‍. ആഘോഷത്തിനായി ഒരുക്കിയ ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് മുഖത്ത് ഗുരുതര പൊള്ളലേറ്റു. ഫെബ്രുവരി 14 നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. വിയറ്റ്നാമിലെ ഹനോയ് സ്വദേശി ഗിയാങ് ഫാമിനാണ് പ്രാദേശിക റെസ്റ്റോറന്റിലെ ദാരുണ അപകടത്തില്‍ പൊള്ളലേറ്റത്.
യുവതി ഒരുകൈയില്‍ മെഴുകുതിരി കത്തിച്ച കെയ്ക്കും മറ്റൊരു കൈയില്‍ ഹൈഡ്രജന്‍ ബലൂണുമായി നില്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ഇടതുകൈയിലിരുന്ന ഹൈഡ്രജന്‍ ബലൂണുകളില്‍ വലുതൊന്ന് അപ്രതീക്ഷിതമായി കെയ്ക്കിലെ മെഴുകുതിരിയില്‍ തട്ടി. ഇതോടെ തീ ആളിപ്പടര്‍ന്നു. ഇതിനിടെയാണ് യുവതിക്ക് മുഖത്ത് പൊള്ളലേറ്റത്.
സംഭവത്തിന് പിന്നാലെ യുവതി ബാത്റൂമിലേക്ക് ഓടി പൊള്ളലേറ്റ ഭാഗത്ത് വെള്ളമൊഴിച്ചു. ആറുദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ തനിക്ക് സാധിച്ചതെന്ന് യുവതി പറഞ്ഞു. പൊള്ളലേറ്റ പരിക്കുകള്‍ പൂര്‍ണ്ണമായി ഭേദമാവുമെങ്കിലും ഒരുപാട് സമയം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബലൂണ്‍ കച്ചവടക്കാരന്‍ തനിക്ക് തന്നെ ബലൂണുകള്‍ എത്രത്തോളം അപകടമേറിയതാണെന്ന് പറഞ്ഞിരുന്നില്ലെന്ന് യുവതി കുറ്റപ്പെടുത്തി. മുന്നറിയിപ്പ് തന്നിരുന്നെങ്കില്‍ താന്‍ അലസമായി കൈകാര്യം ചെയ്യുമായിരുന്നില്ല. എല്ലാ ബലൂണുകളും ഹൈഡ്രജന്‍ വാതകം നിറച്ചതായിരുന്നില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതായേനെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.