
കോഴിക്കോട്: ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. വിട്ടുവീഴ്ചയുടെ മനോഭാവം വേണം, പക്ഷേ ഇപ്പോൾ ലോകത്ത് നടക്കുന്നത് അതല്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണം. സർക്കാർ മനപൂർവ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല. പ്രശ്നം പരിഹരിക്കപ്പെടണം. അത് സർക്കാരിൻ്റെ മൈലേജ് കൂട്ടുകയേ ഉള്ളൂ. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോൾ മനസിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഇന്നലെ പറഞ്ഞിരുന്നു. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നൽകിയതെന്നും, പുതിയ സാഹചര്യത്തിൽ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷൻ പ്രതികരിച്ചു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മുനമ്പം ഭൂമി വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതായും അദ്ദേഹം പ്രതികരിച്ചു. പ്രശ്ന പരിഹാരത്തിനായി കെസിബിസിയെ ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസർ പ്രൊഫ. കെ വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. മുനമ്പം പ്രശ്നം പരിഹരിക്കാൻ പുതിയ വഖഫ് ബില്ല് കൊണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിറകെയാണ് മുഖ്യമന്ത്രിയുടെ നീക്കം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് വ്യക്തമാക്കി. മുനമ്പം പ്രശ്നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചന കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജു നൽകിയതിന് പിന്നാലെയാണ് തീരുമാനം.