
ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ചാര പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യുകെയിലെ നിരവധി സ്ത്രീകളെ രഹസ്യ പൊലീസ് ഉദ്യോഗസ്ഥര്‍ വഞ്ചിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം അഞ്ചിലൊന്ന് പൊലീസ് ചാരന്മാരും നിരീക്ഷണത്തിനായി അയച്ച സ്ത്രീകളുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടിടുകയും ചിലര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുകയും വരെ ചെയ്തു.
രഹസ്യ പോലീസ് ഉദ്യോഗസ്ഥരുമായി നിരവധി സ്ത്രീകള്‍ ദീര്‍ഘകാല അടുപ്പം സ്ഥാപിച്ചുവെന്നും ഈ പുരുഷന്മാര്‍ തങ്ങളെയും അവരുടെ സാമൂഹിക ബന്ധങ്ങളെയും രഹസ്യമായി ചാരപ്പണി ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വര്‍ഷം വരെ ചില ബന്ധങ്ങള്‍ നീണ്ടുനിന്നു.
പൊലീസുകാരാണെന്നറിയാതെ സ്ത്രീകള്‍ അവരുടെ സ്വകാര്യ ജീവിതം ഉദ്യോഗസ്ഥരുമായി പങ്കിട്ടു. വഞ്ചനയ്ക്ക് ഇരയായ 50-ലധികം സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് പറയപ്പെടുന്നു. ഉദ്യോഗസ്ഥരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി കണ്ടെത്തിയത് സ്ത്രീകളെ കടുത്ത മാനസികാഘാതത്തിലാക്കിയെന്നും പറയുന്നു.
ദി ഗാര്‍ഡിയനുമായി സഹകരിച്ച് നിര്‍മ്മിച്ച ഒരു പുതിയ ഐടിവി പരമ്പര ‘സ്‌പൈ പൊലീസ്’ വലിയ അഴിമതി പുറത്തുകൊണ്ടുവന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ജീവിതത്തില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായ മുന്‍ പങ്കാളികളെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ച അഞ്ച് സ്ത്രീകളുടെ കഥകളുടെ പിന്നാമ്പുറം തേടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ആര്‍ക്കൈവുകള്‍ പരിശോധിച്ചും വിദേശ യാത്രകളിലൂടെയും ഈ സ്ത്രീകള്‍ക്ക് രഹസ്യപൊലീസിന്റെ മുഖംമൂടികള്‍ തുറന്നുകാട്ടാനും അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താനും കഴിഞ്ഞു.
രഹസ്യ ഓഫീസര്‍മാര്‍ നടത്തുന്ന ലൈംഗിക വഞ്ചന ന്യായീകരിക്കാനാവില്ലെന്ന് അന്വേഷണത്തിന്റെ മുഖ്യ ബാരിസ്റ്ററായ ഡേവിഡ് ബാര്‍ പറഞ്ഞു. പൊലീസ് സേനയ്ക്കുള്ളിലെ ലൈംഗികതയുടെയും സ്ത്രീവിരുദ്ധതയുടെയും സംസ്‌കാരത്തിന്റെ പുറത്തുവന്നിരിക്കുന്നതെന്ന് അഭിപ്രായമുയര്‍ന്നു.
1968 മുതല്‍ 2010 വരെയുള്ള 40 വര്‍ഷത്തിലേറെയായി, രഹസ്യ പൊലീസ് പ്രവര്‍ത്തനങ്ങളില്‍ വഞ്ചനാപരമായ ഇത്തരം ബന്ധങ്ങള്‍ സാധാരണ തന്ത്രമായി ഉള്‍പ്പെടുത്തിയിരുന്നു. 1970 കളില്‍ ആരംഭിച്ച ഈ ബന്ധങ്ങള്‍ പൊലീസിന്റെ രഹസ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. അറിയപ്പെടുന്ന 25 രഹസ്യ ഓഫീസര്‍മാരില്‍ രണ്ടുപേര്‍ മാത്രമേ സ്ത്രീകളായിരുന്നുള്ളൂ. മാത്രമല്ല, നിരവധി പൊലീസ് ചാരന്മാരുടെ ഐഡന്റിറ്റികള്‍ ഇപ്പോഴും രഹസ്യമായി തുടരുന്നു.