
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗികവസതിയില്‍ തീപ്പിടിത്തദിവസം നോട്ടുകെട്ടുകളുണ്ടെന്ന് സ്ഥീരീകരിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയ പണം പോലീസ് കമ്മിഷണര്‍ കൈമാറിയ വീഡിയോയില്‍ കാണാം.
അന്വേഷണറിപ്പോര്‍ട്ടും ചിത്രങ്ങളും ശനിയാഴ്ചരാത്രി 11.30-ഓടെ സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 25 പേജുള്ള റിപ്പോര്‍ട്ടില്‍ സാക്ഷിമൊഴികളും അവരുടെ പേരുവിവരങ്ങളും മറച്ചുവെച്ചു. കത്തിയനിലയില്‍ കണ്ടെത്തിയ പണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദാന്വേഷണം വേണമെന്ന് ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് അഭ്യര്‍ഥിച്ചു. സ്റ്റോര്‍റൂമില്‍ നോട്ടുകെട്ടുകള്‍ കത്തിയതായി കാണിക്കുന്ന ഡല്‍ഹി പോലീസ് കമ്മിഷണര്‍ കൈമാറിയ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നെന്നും അത് തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നും ജസ്റ്റിസ് വര്‍മ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണറിപ്പോര്‍ട്ട് പരസ്യമായി പ്രസിദ്ധീകരിക്കുന്നത്.
അതിനിടെ, യശ്വന്ത് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്ജിമാരുള്‍പ്പെടെ മൂന്നംഗസമിതിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ ജസ്റ്റിസ് വര്‍മയ്ക്ക് നിലവില്‍ നീതിന്യായച്ചുമതലകളൊന്നും നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്.
പഞ്ചാബ് ആന്‍ഡ് ഹരിയാണ ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരമാകും വര്‍മയ്‌ക്കെതിരേ തുടര്‍നടപടികളുണ്ടാകുക.
പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തതതേടിയത്. 1. പണം ഏത് വകയില്‍ വന്നു, 2. പണത്തിന്റെ ഉറവിടം? 3. സംഭവംനടന്നശേഷം 15-ന് രാവിലെ ആരാണ് കത്തിക്കരിഞ്ഞ പണമുള്‍പ്പെടെ സാധനസാമഗ്രികള്‍ നീക്കിയത്?
ജസ്റ്റിസ് വര്‍മയുടെ ആറുമാസത്തെ ഫോണ്‍ വിവരങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ഉപാധ്യായ സമര്‍പ്പിച്ചു.
ആരോപണങ്ങള്‍ ജസ്റ്റിസ് വര്‍മ നിഷേധിച്ചു. തീപ്പിടിത്തമുണ്ടായ മുറി പ്രധാനവീടിന്റെ ഭാഗമല്ല, അത് ഔട്ട് ഹൗസ് ആണ്. താനോ തന്റെ കുടുംബാംഗങ്ങളോ അവിടെ പണം വെച്ചിട്ടില്ല. അത് തങ്ങളുടെ പണമല്ല – ജസ്റ്റിസ് വര്‍മ അവകാശപ്പെട്ടു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.