
ദില്ലി: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ മാൻപൂർ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിർദേശിച്ച സമയ പരിധിക്കുള്ളിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്. കേണൽ സോഫിയക്കെതിരായ പരാമർശം വലിയ രീതിയിൽ വിമിർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവേയാണ് കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയത്. ‘പാക് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാൽ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു’- എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. കേണൽ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ ഉഷ താക്കൂർ, ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കൾ എന്നിവരടക്കം സദസിൽ ഇരിക്കുമ്പോഴായിരുന്നു കേണൽ സോഫിയ ഖുറേഷിക്കെതിരെ കുൻവർ വിജയ് ഷായുടെ വിവാദ പരാമർശങ്ങൾ. സൈനിക മേധാവികളും പ്രതിപക്ഷ പാർട്ടികളും ഷായുടെ പരാമർശത്തെ ശക്തമായി അപലപിച്ചിരുന്നു. കൻവാർ വിജയ് ഷായെ മധ്യപ്രദേശ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, താൻ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നായിരുന്നു വിജയ് ഷായുടെ ആദ്യ പ്രതികരണം. വിവാദം ആളിക്കത്തിയതോടെ പിന്നീട് അദേഹം മാപ്പ് പറയുകയും ചെയ്തു. ‘കേണൽ സോഫിയ ഖുറേഷി എൻറെ സഹോദരിയേക്കാൾ എനിക്ക് പ്രധാനപ്പെട്ടവളാണ്, കാരണം അവർ ജാതിക്കും സമുദായത്തിനും അതീതമായി പ്രതികാരം ചെയ്തു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നിട്ടും ആർക്കെങ്കിലും എൻറെ പരാമർശങ്ങളിൽ വിഷമം തോന്നിയെങ്കിൽ, ഞാൻ ഒരിക്കലല്ല പത്ത് തവണ മാപ്പ് പറയുന്നുവെന്നായിരുന്നു’- വിജയ് ഷായുടെ വാക്കുകൾ.
Discover more from MALAYALAM
Subscribe to get the latest posts sent to your email.