
ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെ പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പ്രകാശ് ജീവനൊടുക്കിയത്. പ്രകാശിന്റെ ഭാര്യ ചഞ്ചലും രാകേഷും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ് പ്രകാശ് ജീവനൊടുക്കിയതെന്നുമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനുപിന്നാലെയാണ് ഇരുവരും ചേര്‍ന്ന് പ്രകാശിനെ ഉപദ്രവിച്ചതിന്റെയും പണം തട്ടിയെടുത്തതിന്റെയും തെളിവുകള്‍കൂടി ലഭിച്ചത്. ഇതോടെ പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കാമുകനായ രാകേഷിന് ചഞ്ചല്‍ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍നിന്ന് പലതവണ പണം അയച്ചുനല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. പ്രകാശിന്റെ ശമ്പളത്തുകയില്‍ നല്ലൊരു ഭാഗവും ചഞ്ചല്‍ കാമുകനാണ് നല്‍കിയിരുന്നത്. പ്രകാശ് ജീവനൊടുക്കിയ ദിവസവും ഭര്‍ത്താവിന്റെ അക്കൗണ്ടില്‍നിന്ന് 36,000 രൂപ ചഞ്ചല്‍ കാമുകന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. മാത്രമല്ല, മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് ചഞ്ചലും കാമുകനും പ്രകാശിനെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു. ഭാര്യയുടെയും കാമുകന്റെയും ഉപദ്രവം സഹിക്കവയ്യാതെയാണ് പ്രകാശ് വിഷംകഴിച്ച് ജീവനൊടുക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
